തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആശുപത്രിയിൽ സന്ദർശനം നടത്തുന്നു
ബംഗളൂരു: ഇനാം-വീർപൂർ ഗ്രാമത്തിൽ താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ അവളുടെ പിതാവ് ദുരഭിമാനക്കൊല നടത്തിയ സംഭവം മനുഷ്യത്വരഹിതമാണെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 80 വർഷങ്ങൾ പിന്നിട്ടിട്ടും ജാതിവ്യവസ്ഥ നമ്മെ ഭരിക്കുന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ സമത്വവും മാനുഷിക മൂല്യങ്ങളും നമുക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് കേസുമായി ബന്ധപ്പെട്ട് പരിക്കേറ്റവരെ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയും ഭർത്താവും
ദുരഭിമാന ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനും മന്യ വിവേകാനന്ദ് ദൊഡ്ഡമണിക്കും(19) ദാരുണാന്ത്യം സംഭവിച്ചിരുന്നു. യുവതി ആറുമാസം ഗർഭിണിയായിരുന്നു. മന്യ വ്യത്യസ്ത ജാതിയിൽപെട്ട വിവേകാനന്ദ് ദൊഡ്ഡമണിയെയാണ്(21) വിവാഹം കഴിച്ച് മാസങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയ വേളയിലായിരുന്നു ആക്രമണം. ജില്ല ഭരണകൂടത്തിന്റെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും വേഗത്തിലുള്ള നടപടി പരിക്കേറ്റവരുടെ ജീവൻ രക്ഷിച്ചുവെന്ന് മന്ത്രി പറഞ്ഞു.
പൊലീസ് സംഘം സ്ഥലത്തെത്തിയത് വലിയ അപകടം ഒഴിവാക്കി. പൊലീസ് സൂപ്രണ്ടുമായും ഡെപ്യൂട്ടി കമീഷണറുമായും നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ മന്ത്രി വിലയിരുത്തി. തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ പഞ്ചായത്ത് വികസന ഓഫിസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ കുടുംബത്തിന് ഗ്രാമത്തിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് തനിക്ക് വിവരം ലഭിച്ചു. ഇത് സാമൂഹിക ബഹിഷ്കരണത്തിന് തുല്യമാണ്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ മുഴുവൻ യുവാവിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.