ബംഗളൂരു: വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ് ഉടമയുമായിരുന്ന സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയ്ഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച പരാതിയിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ ബംഗളൂരു ഡി.ഐ.ജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ജനുവരി 30ന് ബംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫിസിൽ റോയി സ്വയം വെടിവെച്ച് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
മരണം സംഭവിച്ച ദിവസം റോയി ഓഫിസിൽ വന്ന സമയത്തെക്കുറിച്ച് ഓഫിസ് ജീവനക്കാരും ആദായനികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വലിയ വൈരുധ്യമുണ്ടെന്ന് അഭിഭാഷകൻ നൽകിയ പരാതിയിൽ പറയുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരിക്കെയാണ് സി.ജെ. റോയി മരിച്ചത്. മരണത്തിൽ നിരവധി ദുരൂഹതകൾ ഉയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തിവന്ന റെയ്ഡിന്റെ നടപടിക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി.ജെ. റോയിയുടെ സ്ഥാപനത്തിലെ റെയ്ഡിലെ രീതികളെന്ന് വ്യക്തമാണ്. പല ദിവസങ്ങളിലായി റെയ്ഡ് നടത്തിയതും പലകാരണങ്ങൾ പറഞ്ഞ് രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി.ജെ. റോയിയുമായി ഇടപഴകിയതും ദുരൂഹതയാണ്.
കേരളത്തിൽ ജോലിചെയ്തിരുന്ന ഉന്നത റാങ്കിലുള്ള ഒരു ഇ.ഡി ഉദ്യോഗസ്ഥനെ അടുത്തിടെ കേന്ദ്ര ഗവൺമെന്റ് നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കിയിരുന്നു. അതിനാൽ ആദായ നികുതി ഉദ്യോഗസ്ഥർ എല്ലാവരും സത്യസന്ധമായി പ്രവർത്തിക്കുന്നവരായി കാണാൻ കഴിയില്ല. കൊച്ചിയിലുള്ള സംഘമാണ് ബംഗളൂരുവിൽ തങ്ങി നിരവധി തവണ റോയിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. റെയ്ഡ് നടക്കുമ്പോഴും മറ്റ് തുടർനടപടികളിലും രണ്ട് സാക്ഷികൾ വേണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ല.
നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണം ആദായ നികുതി വകുപ്പിനെ മുഖവിലക്ക് എടുത്തുള്ളതാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ചിരുന്നോയെന്നതും പരിശോധിക്കേണ്ടതാണ്. സുപ്രീംകോടതി പറയുന്ന മാനദണ്ഡങ്ങൾ പല ഘട്ടങ്ങളിലും ആദായ നികുതി വകുപ്പ് പാലിക്കാത്തതിന് തെളിവുകൾ പുറത്തുവരുന്നുണ്ട്.
റെയ്ഡിന് പിറകിൽ മറഞ്ഞിരിക്കുന്ന ഇടപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുവരാതിരിക്കാൻ ആദായ നികുതി ഉദ്യോഗസ്ഥർ സംഘടിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്സിങ് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.