സി ആന്‍ഡ് ഡി മാലിന്യ പ്ലാന്റിന്റെ നിർമാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍
ബംഗളൂരു: മൈസൂരുവില്‍ ശാസ്ത്രീയമായി കെട്ടിട അവശിഷ്ടങ്ങളുടെ മാലിന്യ സംസ്കരണം നടത്തുന്നതിനായി കെട്ടിട നിർമാണണാവശിഷ്ട സംസ്കരണ (സി.ആന്‍ഡ്.ഡി) മാലിന്യ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് 12 ദിവസംമുമ്പ് പുനരാരംഭിച്ചത്. മൈസൂരു സിറ്റി കോർപറേഷൻ (എം.സി.സി) ഹഞ്ച്യ-സത്തഗള്ളി പ്രദേശത്തെ ഏകദേശം ഒമ്പതേക്കർ സ്ഥലത്ത് 11 കോടി രൂപ മുടക്കിയാണ് പ്ലാന്റിന്റെ നിര്‍മാണം. ഈ വർഷം അവസാനത്തോടെ നിർമാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സി ആന്‍ഡ് ഡി മാലിന്യങ്ങള്‍ നഗരത്തിലെ പ്രധാന പ്രശ്നമായി മാറിയിരുന്നു. ഔട്ടര്‍ റിങ്ങ് റോഡ്, തടാകങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ അധികാരികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആളുകള്‍ തള്ളിയിരുന്നു.
മൈസൂരുവിൽ മാത്രം 150 ടണ്ണിലധികം സി ആന്‍ഡ് ഡി മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതായാണ് കണക്കുകൾ. കെട്ടിടാവശിഷ്ടങ്ങള്‍, ഇഷ്ടികകൾ, കോൺക്രീറ്റ്, മണ്ണ്, മരക്കഷണങ്ങൾ തുടങ്ങിയവ രാത്രി ഇരുട്ടിന്റെ മറവില്‍ ട്രക്കുകളിൽ കയറ്റി ജനവാസരഹിതമായ സ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു പതിവ്. പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് എം.സി.സിയുടെയും മൈസൂരു നഗരവികസന അതോറിറ്റിയുടെയും (എം.ഡി.എ) യോഗങ്ങളിൽ വിഷയത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ശാസ്ത്രീയമായ രീതിയില്‍ പുതിയ ഉല്പന്നങ്ങളാക്കി മാറ്റുക എന്ന നിര്‍ദേശം എം.സി.സി മുന്നോട്ട് വെക്കുകയും ചെയ്തു. തുടര്‍ന്നാണ് മാലിന്യപ്ലാന്റ് എന്ന ആശയം ഉടലെടുത്തത്.
പുതിയ സംസ്കരണ പ്ലാന്റ് ദീർഘകാല മാലിന്യ പ്രശ്നത്തിന് പരിഹാരം നൽകും. അടുത്ത വർഷം പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ സിവിൽ ജോലികൾ പുരോഗമിക്കുകയാണ്. ആവശ്യമായ യന്ത്രങ്ങൾ വാങ്ങുന്നതിനായി ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നുവരികയാണ്. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ കെട്ടിട നിർമാണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ടൈലുകൾ, ഇഷ്ടികകൾ, മറ്റ് നിർമാണ ഉൽപന്നങ്ങൾ തുടങ്ങിയ ഉപയോഗയോഗ്യമായ വസ്തുക്കളാക്കി മാറ്റും. നിർമാണ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. മൈസൂരു നഗരത്തില്‍ ശുചിത്വം നിലനിർത്തുക എന്നതിനൊപ്പം മാലിന്യത്തിൽനിന്ന് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിച്ചെടുക്കാനും പദ്ധതി സഹായിക്കും. പ്ലാന്റ് നിർമാണം പൂര്‍ത്തിയായാല്‍ നിർമാണ മാലിന്യങ്ങൾ ആരും എവിടെയും നിക്ഷേപിക്കരുത്. ശേഖരിച്ച അവശിഷ്ടങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുകയും ഉപയോഗപ്രദമായ ഉൽപന്നങ്ങളാക്കി മാറ്റുകയും ചെയ്യുമെന്ന് എം.സി.സി അസി. എക്സിക്യൂട്ടിവ് എൻജിനീയർ മൃത്യുഞ്ജയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.