മംഗളൂരു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത വർഗീയ വിദ്വേഷ പ്രസംഗ കേസിൽ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് താൽക്കാലിക ആശ്വാസം. കർണാടക ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ബെൽത്തങ്ങാടി എം.എൽ.എയായ പൂഞ്ച തനിക്കെതിരെ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയൽചെയ്തിരുന്നു. വാദം കേൾക്കുന്നതിനിടെ എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ആരോപണവിധേയമായ സംഭവത്തിന് ബാധകമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ഒരു പരാമർശവും പൂഞ്ച നടത്തിയിട്ടില്ലെന്ന് അവർ വാദിച്ചു.
പരാതിക്കാരനായ ഇബ്രാഹിമിനുവേണ്ടി ഹാജരായ അഭിഭാഷകൻ എസ്. ബാലൻ ഹരജിയെ എതിർത്തു. ഹരജിയിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും അതിനാൽ അത് അംഗീകരിക്കരുതെന്നും പറഞ്ഞു. മുസ്ലിം സമൂഹത്തിനെതിരെ ‘കശാപ്പുകാരുടെ പിൻഗാമികൾ’ എന്നു വിളിച്ച് പൂഞ്ച അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും അത് അനാവശ്യവും കുറ്റകരവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയുടെ വിഡിയോ തെളിവുകളുണ്ടെന്നും ബാലൻ ചൂണ്ടിക്കാട്ടി. ഇരുവശത്തുനിന്നും വാദങ്ങൾ കേട്ടശേഷം എഫ്.ഐ.ആർ നടപടികൾക്ക് ഹൈകോടതി ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.