ലക്ഷ്മി ഹെബ്ബാൾക്കർ
ബംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക പരിഷ്കരിക്കില്ലെന്ന് വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ വ്യാഴാഴ്ച വിധാൻ സൗധയിൽ നടന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിൽ സാങ്കേതിക തകരാർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അത്തരമൊരു പ്രശ്നമില്ലെന്ന് അവർ നിഷേധിച്ചു.
ഏപ്രിലിലേക്കുള്ള പണം സർക്കാർ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും മേയ് മാസത്തെ പേയ്മെന്റ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും പദ്ധതിക്കായി ഉദ്ദേശിച്ച ഫണ്ട് ധനകാര്യ വകുപ്പ് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അതത് ജില്ല, താലൂക്ക് പഞ്ചായത്തുകൾക്ക് വകുപ്പ് കൈമാറിയതായി ഹെബ്ബാൾക്കർ വിശദീകരിച്ചു. എന്നാൽ, കേന്ദ്രം നിശ്ചയിച്ച നിയമം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ പ്രതിമാസം 10,000 മുതൽ 15,000 വരെ വർധന ഉണ്ടായിട്ടുണ്ട്. ഗ്യാരന്റി പദ്ധതി കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് ഒരു പ്രശ്നവും നേരിടാത്തതിനാൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്കെല്ലാം വാഗ്ദാനം ചെയ്ത തുക എല്ലാ മാസവും ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് ഹെബ്ബാൾക്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.