ബി.ജെ.പി നേതാക്കൾ വെള്ളിയാഴ്ച ഗവർണർക്ക് നിവേദനം നൽകുന്നു
ബംഗളൂരു: കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് പാകിസ്താൻ പൗരന്മാരെ നാടുകടത്തുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഗൗരവമായി പെരുമാറുന്നില്ലെന്ന് കർണാടക ബി.ജെ.പി നേതാക്കളുടെ സംഘം വെള്ളിയാഴ്ച രാജ്ഭവനിൽ ഗവർണർ തവർചന്ദ് ഗെലോട്ടിനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും വ്യക്തമായ നിർദേശങ്ങൾ നൽകിയതായി നിവേദനത്തിൽ പറഞ്ഞു.എന്നാൽ, കർണാടകയിൽ ആവശ്യമായ അടിയന്തര സ്വഭാവം പാലിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് ഗവർണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
ഉടൻ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒപ്പുശേഖരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 60,000 ത്തിലധികം ഒപ്പുകൾ ശേഖരിച്ചു. ഡെപ്യൂട്ടി കമീഷണർക്കും ഗവർണർക്കും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.ഇത് ദേശീയ സുരക്ഷയുടെ കാര്യമാണെന്ന് തങ്ങൾ ഗവർണറോട് പറഞ്ഞു.
ഓപറേഷൻ സിന്ദൂർ നടക്കുന്നതിനാൽ സംസ്ഥാന സർക്കാർ നിർണായകമായി പ്രവർത്തിക്കണം. കർണാടകയിൽ താമസിക്കുന്ന എല്ലാ പാകിസ്താൻ പൗരന്മാരെയും എത്രയും വേഗം നാടുകടത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനോട് നിർദേശിക്കണമെന്നാണ് ഗവർണറോട് അഭ്യർഥിച്ചത്.
ദേശീയ സുരക്ഷയും പൊതുജന വികാരവും സംബന്ധിച്ച വിഷയത്തിൽ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഇതെന്ന് വിജയേന്ദ്ര പറഞ്ഞു.പ്രതിപക്ഷ നേതാവ് ആർ. അശോക, ചലവടി നാരായണസ്വാമി, ബി.ജെ.പി സംസ്ഥാന സെൽ കോഓഡിനേറ്റർ എസ്. ദത്താത്രി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.