ആഗോള സാമ്പത്തിക ഉച്ചകോടി; ബംഗളൂരുവിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ഡി.കെ. ശിവകുമാർ

ബംഗളൂരു: ലോകോത്തര നിക്ഷേപകരെയും സംരംഭകരെയും കർണാടകയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവിലേക്ക് സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വിറ്റ്‌സർലൻഡിലെ ആൽപ്സ് പർവതനിരകളിലെ ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും യാത്ര വിവാദങ്ങൾക്കും ഒടുവിൽ ദാവോസിലെത്തിയ അദ്ദേഹം കർണാടകയുടെ നിക്ഷേപ സാധ്യതകൾ ആഗോള വേദിക്കുമുന്നിൽ അക്കമിട്ടു നിരത്തി. ബംഗളൂരു ഒരു സാധാരണ നഗരമല്ലെന്നും അത് ‘ഭാവിയുടെ നഗരമാണെന്നും’ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും നിക്ഷേപസൗഹൃദ ഭരണകൂടവുമാണ് നഗരത്തിന്‍റെ മുഖമുദ്രയെന്നും അന്താരാഷ്ട്ര വേദിയെ സാക്ഷിയാക്കി അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യ പ്രതിഭ സമ്പന്നമായ രാജ്യമാണെന്നും അടുത്ത 25 വർഷത്തെ വളർച്ചക്കായി രാജ്യം സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു. ലോകം ഇന്ന് ഇന്ത്യയെ വീക്ഷിക്കുന്നത് ബംഗളൂരുവിലൂടെയാണെന്നും ഏഷ്യയുടെ ഐ.ടി തലസ്ഥാനമായ ഈ നഗരത്തിലേക്ക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയിലെ നഗരങ്ങൾ സജ്ജമാണോയെന്ന പ്രത്യേക സെഷനിൽ സംസാരിക്കവെ ലോകത്തിലെ മറ്റ് സാങ്കേതിക ഹബ്ബുകളുമായി അദ്ദേഹം ബംഗളൂരുവിനെ താരതമ്യം ചെയ്തു. 

കാലിഫോർണിയയിൽ 13 ലക്ഷം എൻജിനീയർമാരുള്ളപ്പോൾ ബംഗളൂരുവിൽ അത് 25 ലക്ഷമാണെന്നും നഗരത്തിന്‍റെ പ്രധാന കരുത്ത് ഈ മനുഷ്യവിഭവശേഷിയാണെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

അടുത്ത വർഷത്തോടെ മെട്രോ ശൃംഖല 153 കിലോമീറ്ററായി വ്യാപിപ്പിക്കും. 2500 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 6000 ബസുകൾ പൊതുഗതാഗതത്തിനായി നിലവിലുണ്ട്.

രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കും ഗതാഗത സൗകര്യങ്ങൾ വ്യാപിപ്പിക്കും. ഏകദേശം 500ഓളം ഫോർച്യൂൺ കമ്പനികൾ നിലവിൽ ബംഗളൂരുവിലുണ്ട്. ഏറോസ്‌പേസ്, ഐ.ടി, മെഡിക്കൽ സയൻസ് മേഖലകളിൽ നഗരത്തിന് വലിയ സാധ്യതകളാണുള്ളത്. കർണാടകയിലെ 70 മെഡിക്കൽ കോളജുകളിൽനിന്നായി പ്രതിവർഷം 1.5 ലക്ഷം ആരോഗ്യപ്രവർത്തകർ പുറത്തിറങ്ങുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വ്യവസായ മന്ത്രി എം.ബി. പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള കർണാടക പ്രതിനിധി സംഘത്തിനൊപ്പം ആമസോൺ, ലെനോവോ, കൊക്കക്കോള തുടങ്ങി 45ഓളം ആഗോള കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിക്ഷേപകർക്ക് എല്ലാവിധ സഹകരണവും ഉറപ്പുനൽകിയ ഉപമുഖ്യമന്ത്രി നിക്ഷേപ വാഗ്ദാനങ്ങൾ വെറും കടലാസിലൊതുങ്ങില്ലെന്നും അവ പ്രാവർത്തികമാക്കാൻ സർക്കാർ നേരിട്ട് ഇടപെടുമെന്നും ഉറപ്പുനൽകി.

Tags:    
News Summary - Global Economic Summit; D.K. Shivakumar welcomes investors to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.