ബംഗളൂരു: സംസ്ഥാനത്തെ വിജയപുര ജില്ലയിലെ എസ്.ബി.ഐ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. സെപ്റ്റംബർ 16ന് വൈകീട്ട് ഏഴോടെ മുഖംമൂടി ധരിച്ച് തോക്കുമായി എത്തിയ മൂന്നുപേർ ജീവനക്കാരെ കെട്ടിയിട്ടശേഷം പണവും സ്വർണവുമടക്കം കവരുകയായിരുന്നു. 21 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. രാകേഷ് കുമാർ സഹനി (22), രാജ് കുമാർ രാം ലാൽ പവൻ (21), രാകേഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ സമസ്തിപുരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മഹാരാഷ്ട്രയിൽനിന്നു പിടികൂടിയ മുഖ്യപ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബിഹാറിൽനിന്നാണ് പ്രതികൾ ആയുധങ്ങൾ വാങ്ങിയതെന്ന് രഹസ്യാന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് ബിഹാറിലെത്തി ആയുധം കൈമാറിയവരെ അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാൾ മോഷണത്തിനു മുമ്പ് നിരവധി തവണ ബാങ്ക് സന്ദർശിക്കുകയും സോളപൂർ ജില്ലയിലെ മഗഡിവാളയിൽ നിന്ന് കാർ മോഷ്ടിക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു. ഇയാളിൽ നിന്ന് 55 ഗ്രാം തൂക്കമുള്ള സ്വർണവളകളും ബൈക്കും പിടിച്ചെടുത്തു. കവർച്ചയിൽ ഉൾപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. അവരുടെ വിവരങ്ങൾ ലഭിച്ചുവെന്നും വൈകാതെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ഇതുവരെ 9.01 കിലോഗ്രാം സ്വർണവും 86.31 ലക്ഷം രൂപയും കണ്ടെത്തി. ബാക്കി പണവും സ്വർണവും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.