ബംഗളൂരു: കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കത്തിലും മറ്റും നാശനഷ്ടമുണ്ടായ നിരവധിപേർക്ക് നഷ്ടപരിഹാരം കിട്ടിയില്ല. നഗരത്തിൽ മാത്രം 163 പേർക്ക് തുക കിട്ടാനുണ്ടെന്ന് ഈരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പറയുന്നു. നിർധന കുടുംബങ്ങളാണിത്. വൻനാശനഷ്ടങ്ങളാണുണ്ടായത്. കഴിഞ്ഞ ആഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലുണ്ടായ കനത്തമഴയിൽ നഗരത്തിന്‍റെ മിക്കയിടങ്ങളിലും വെള്ളം കയറിയിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. നാശനഷ്ടം സംഭവിച്ചയിടങ്ങളിൽ അസിസ്റ്റന്‍റ് റവന്യൂ ഇൻസ്പെക്ടർമാർ സന്ദർശനം നടത്തണം. എന്നാൽ, ഇതുവരെ ഉദ്യോഗസ്ഥർ എത്തിയിട്ടില്ലെന്നും നേരിട്ട് ഓഫിസുകളിൽ രേഖകൾ നൽകണമെന്ന് നിർദേശിക്കുകയാണെന്നും വീട്ടുകാർ പറയുന്നു. മഴമൂലമുള്ള വെള്ളപ്പൊക്കത്തിന് കാരണം വൻകിടക്കാരുടെ അനധികൃത കെട്ടിടങ്ങളാണെന്ന് ബി.ബി.എം.പി കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മിച്ച 700ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവയിൽ ഭൂരിഭാഗവും വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ചതാണ്.
വെള്ളം ഒഴുകിപ്പോകാനുള്ള വൻ ഓവുചാലുകൾ കൈയേറിയാണ് ഇത്തരം കെട്ടിടങ്ങൾ നിർമിച്ചത്. ഇതിനാൽ മഴവെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ അടുത്തിടെ പെയ്ത എല്ലാ മഴയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ബി.ബി.എം.പി തയാറാക്കി പൊളിക്കൽ നടപടികൾ തുടങ്ങിയത്.
എന്നാൽ, പാവപ്പെട്ടവരുടെ ചെറിയ വീടുകളും മറ്റുമാണ് അധികൃതർ പൊളിച്ചത്. മതിയായ സാവകാശംപോലും നൽകാതെയായിരുന്നു ഇത്. വൻകിടക്കാരുടെ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ മെല്ലെപ്പോക്ക് നയമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പോകാൻ മറ്റിടങ്ങൾ ഇല്ലാത്തവരുമാണ് ഇത്തരത്തിൽ ഏറെ ദുരിതത്തിലായത്. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ബി.ബി.എം.പി അനാസ്ഥ തുടരുന്നുവെന്നാണ് ആരോപണം.
മഴക്കാലം നഗരത്തിലെ റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാക്കിയത് വൻ നാശമാണ്. ബംഗളൂരുവിൽ 396.72 കിലോമീറ്റർ ദൂരം റോഡാണ് തകർന്നത്. അതിനിടെ, പ്രകൃതിദുരന്തങ്ങളിൽ നാശനഷ്ടം ഉണ്ടായ കർണാടകക്ക് 941.04 കോടി രൂപയുടെ പ്രത്യേക ധനസഹായം നൽകുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയവ മൂലം 2022ൽ ഉണ്ടായ നാശനഷ്ടങ്ങൾക്കായാണിത്. അസം-520.466 കോടി, ഹിമാചൽപ്രദേശ്-239.31 കോടി, മേഘാലയ-47.326 കോടി, നാഗാലാൻഡ്-68.02 കോടി എന്നിങ്ങനെ ആകെ അഞ്ചു സംസ്ഥാനങ്ങൾക്കായി ആകെ 1,816.162 കോടി രൂപയുടെ സഹായമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.