ബംഗളൂരു: നന്ദിനി നെയ്യ് പാക്കറ്റുകളില്‍ ക്യു.ആർ കോഡ് സ്ഥാപിക്കാൻ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്). വ്യാജ നന്ദിനി നെയ്യ് നിർമിച്ച് വിതരണം ചെയ്യുന്ന ശൃംഖലയെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഉദ്യോഗസ്ഥർ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. യഥാർഥ ബ്രാൻഡിനോട് സാമ്യമുള്ള പാക്കേജിങ് ഉപയോഗിച്ചാണ് റാക്കറ്റ് വൻതോതിൽ തട്ടിപ്പ് നടത്തിയത്. വ്യാജ വില്‍പന തടയുന്നതിനായാണ് നെയ്യ് പാക്കേജുകളിൽ ക്യു.ആർ കോഡുകൾ പതിക്കാൻ തീരുമാനിച്ചതെന്ന് കെ.എം.എഫ്. അധികൃതർ അറിയിച്ചു.
വ്യാജ ഉൽപന്നങ്ങളുടെ കടന്നുകയറ്റം കെ.എം.എഫിന്‍റെ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. വ്യാജ നിർമാണം നന്ദിനി ബ്രാൻഡിനെ ബാധിക്കാതിരിക്കാൻ കെ.എം.എഫ് ഭക്ഷ്യ വകുപ്പ് വിദഗ്ധരുമായി ചർച്ച നടത്തി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി. നെയ്യ് പായ്ക്കറ്റുകളിലും ടിന്നുകളിലും ക്യു.ആർ. കോഡുകൾ സ്ഥാപിക്കുന്നതോടെ വ്യാജന്മാരെ തിരിച്ചറിയാൻ എളുപ്പത്തിൽ സാധിക്കും. കൂടാതെ ക്യു.ആർ കോഡിൽ ഉൽപാദിപ്പിക്കുന്ന യൂനിയൻ, വിതരണം ചെയ്ത ഡിപ്പോ, എത്തിക്കുന്ന പ്രദേശം, വിൽക്കുന്ന റീട്ടെയിൽ സ്റ്റോർ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ക്യു.ആർ. കോഡ് ചെയ്ത നെയ്യ് പായ്ക്കുകൾ കർണാടകയിലുടനീളം വിപണിയിൽ വൈകാതെ എത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.