ബംഗളൂരു: നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പ്പോര്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തിയപ്പോൾ അഞ്ച് വാഗ്ദാനങ്ങളിൽ മൂന്നും നടപ്പിലാക്കി കഴിഞ്ഞുവെന്നും ബി.ജെ.പി ഭരണത്തിൽ ഒരു വാഗ്ദാനം പോലും നടപ്പാക്കിയിട്ടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ് തിരിച്ചടിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച വിധാൻ സൗധയിൽ ബി.ജെ.പി എം.എൽ.എമാർ ധർണ നടത്തി.
നിരവധി വാഗ്ദാനങ്ങൾ നൽകിയ കോൺഗ്രസ് അവ നടപ്പാക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ കുറ്റപ്പെടുത്തി. തങ്ങൾ പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വരും ദിവസങ്ങളിൽ ഇതിനായി നടപടിയെടുത്തില്ലെങ്കിൽ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന്റെ വഞ്ചന’ എന്ന മുദ്രാവാക്യം വിളിച്ചാണ് ബി.ജെ.പി എം.എൽ.എമാർ ചൊവ്വാഴ്ച സഭയിലേക്ക് എത്തിയത്. കോൺഗ്രസ് അഞ്ച് വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയിരുന്നത്. നിലവിൽ തന്നെ ഇവയിൽ മൂന്നെണ്ണം നടപ്പാക്കിക്കഴിഞ്ഞു.
ബാക്കിയുള്ളവ നടപ്പാക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാകേണ്ട കാര്യമേയുള്ളൂവെന്നും മുഖ്യമന്ത്രി സിദ്ദരാമയ്യയും മന്ത്രി ജി. പരമേശ്വരയും പറഞ്ഞു. വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന ശക്തി പദ്ധതി, പത്ത് കിലോ സൗജന്യ അരി നൽകുന്ന ‘അന്നഭാഗ്യ’, 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ എന്നിവയാണ് ഇതിനകം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.