-മന്ത്രി ഡോ. ജി. പരമേശ്വര
ബംഗളൂരു: കേന്ദ്രസർക്കാർ കർണാടകക്ക് പദ്ധതികൾക്ക് ഫണ്ടും ഗ്രാന്റുകളും അനുവദിക്കുന്നതിൽ കാലതാമസം വരുത്തുന്നതിനെതിരെ കർണാടക സർക്കാറിനെക്കൊണ്ട് ഡൽഹിയിൽ വീണ്ടും സമരം ചെയ്യിക്കരുതെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഫണ്ട് യഥാസമയം അനുവദിക്കുന്നത് വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സഹായിക്കും. കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന സർക്കാറിന് ലഭിക്കേണ്ട ഗ്രാന്റുകൾ നൽകാൻ ഞങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന് ഏകദേശം 5500 കോടി രൂപ ഉടൻ അനുവദിക്കണം.
കഴിഞ്ഞ തവണ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഫണ്ട് നേടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ സംസ്ഥാന സർക്കാർ ഡൽഹിയിൽ പോയി പ്രതിഷേധം നടത്തേണ്ട സാഹചര്യം വന്നു. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകരുത്. സമയത്ത് ഫണ്ട് അനുവദിച്ചാൽ വികസനത്തിന് ഉപയോഗിക്കാം -പരമേശ്വര പറഞ്ഞു. നികുതി വിഭജനത്തിൽ സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അനീതിക്കെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂഡൽഹിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി അധ്യക്ഷതവഹിച്ച ജില്ല വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗത്തിൽ, കേന്ദ്രസർക്കാർ കർണാടകയോടുള്ള നിസ്സംഗത കാരണം സംസ്ഥാനത്ത് വികസന പദ്ധതികൾ വൈകുന്നുണ്ടെന്നും വിവിധ കേന്ദ്രീകൃത പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.