ശിവഗംഗ
ബംഗളൂരു: ഡിസംബറിനുശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ ബസവരാജു വി. ശിവഗംഗ അവകാശപ്പെട്ടു. ഈ പ്രസ്താവന പാർട്ടി അച്ചടക്ക ലംഘനമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ശിവകുമാർ അദ്ദേഹത്തിന് നോട്ടീസ് നൽകുമെന്ന് അറിയിച്ചു.
ഡിസംബറിനുശേഷം ഡി.കെ. മുഖ്യമന്ത്രിയാകുമെന്ന് ചന്നഗിരിയിൽനിന്നുള്ള എം.എൽ.എ ശിവഗംഗ ദാവൻഗരെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തെ മാറ്റത്തെക്കുറിച്ച് എം.എൽ.എ മുമ്പ് മാധ്യമങ്ങളോട് സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ശിവകുമാർ ആ പങ്ക് ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ശിവഗംഗ ഇത്തരം പ്രസ്താവനകൾ തുടർന്നുവെന്നും അദ്ദേഹത്തിന് നോട്ടീസ് നൽകുമെന്നും ശിവകുമാർ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ആരും സംസാരിക്കരുത്. എം.എൽ.എമാർ പാർട്ടി അച്ചടക്കം പാലിക്കണം. അവർ അതിരുകടക്കരുത്. അനാവശ്യ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മുമ്പ് അവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, വിഷയത്തിൽ ശിവഗംഗ വീണ്ടും പ്രസ്താവന നടത്തുന്നത് പാർട്ടി അച്ചടക്ക ലംഘനമാണ്.
അതിനാൽ, അദ്ദേഹത്തിന് നോട്ടീസ് നൽകും -ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടൽ കരാറിനെ ഉദ്ധരിച്ച്, ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രത്യേകിച്ച് ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ പ്രചരിച്ചിരുന്നു. ഈ ഊഹാപോഹങ്ങൾക്കിടയിൽ, അഞ്ച് വർഷം മുഴുവൻ താൻ മുഖ്യമന്ത്രിയായിരിക്കുമെന്ന് സിദ്ധരാമയ്യ ഉറപ്പിച്ചു പറഞ്ഞിരുന്നു.
2023 മേയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നു. കോൺഗ്രസിന് ശിവകുമാറിനെ ബോധ്യപ്പെടുത്താനും അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാനും കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.