മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസിലെ രണ്ടാം ഘട്ട അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഊർജിതമാക്കി. പരാതിക്കാരനായ പ്രധാന സാക്ഷി ചിന്നയ്യയുടെ നീക്കങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഉജിരെയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഹോട്ടലിൽ എസ്.ഐ.ടി റെയ്ഡ് നടത്തി. ആറു മാസം മുമ്പ് ചിന്നയ്യ അവിടെ താമസിച്ചിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഉദ്യോഗസ്ഥർ താമസ രജിസ്റ്റർ പരിശോധിക്കുകയും സി.സി ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ചിന്നയ്യ ഒരു ദിവസം ഹോട്ടലിൽ ചെലവഴിച്ചതായും ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ ഗിരീഷ് മട്ടന്നനവർ, ടി. ജയന്ത്, വിറ്റൽ ഗൗഡ എന്നിവരുമായി ചർച്ച നടത്തിയതായും രേഖകൾ വ്യക്തമാക്കുന്നു.
കൂടുതൽ അന്വേഷണത്തിനായി ഹോട്ടൽ രേഖകൾ എസ്.ഐ.ടി സീൽ ചെയ്തിട്ടുണ്ട്. കൂടാതെ, ആ കാലയളവിലെ ചിന്നയ്യയുടെ നീക്കങ്ങളുടെ ക്രമം മാപ്പ് ചെയ്യുന്നു. മഹേഷ് ഷെട്ടി തിമറോഡിയുടെ വസതിയിൽ അദ്ദേഹം തുടർന്ന് താമസിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഹോട്ടലിൽ തുടർന്നാൽ പുറത്തുവരുമെന്ന് ഭയന്ന് ചിന്നയ്യ അവിടേക്ക് മാറിയതാണെന്നാണ് എസ്.ഐ.ടി നിഗമനം.
മഹേഷ് ഷെട്ടി തിമറോഡി, സഹോദരൻ ജയന്ത്. ടി എന്നിവരുടെ ബംഗളൂരുവിലെ വീടുകളിൽ എസ്.ഐ.ടി ഇതിനകം റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. കേസിന്റെ സമഗ്രമായ ചിത്രം നിർമിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ ഈ രേഖകൾ ക്രോഡീകരിക്കുന്നു. ബുധനാഴ്ച ചിന്നയ്യയുടെ പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും. ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങൾ എസ്.ഐ.ടി സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടുമെന്ന് എസ്.ഐ.ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.