മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലധികം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. അഭിഭാഷകർ ദക്ഷിണ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതിക്കാരൻ വെളിപ്പെടുത്തിയ കാര്യങ്ങൾ ആ വ്യക്തി നേരിട്ട് മുന്നോട്ടുവന്ന് പൊലീസിൽ മൊഴി രേഖപ്പെടുത്തുകയാണ് പ്രധാനം. ഇതിനുള്ള നടപടികൾ വെള്ളിയാഴ്ച ബെൽത്തങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതിലൂടെ ആരംഭിച്ചു.
കർണാടകയിലെ പ്രധാനപ്പെട്ട ഹിന്ദു തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ധർമസ്ഥല. ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പൊലീസ് ഗൗരവപൂർവം പരിശോധിച്ചുവരുകയാണ്. അജ്ഞാത പുരുഷനുവേണ്ടി അയാളുടെ വെളിപ്പെടുത്തൽ ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നിവരാണ് ഡികെ പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ കുമാറിന് സമർപ്പിച്ചത്.
എന്നാൽ, ആരോപണം ഉന്നയിക്കുന്ന വ്യക്തി സ്വയം പരാതി നൽകിയിട്ടില്ല. ആ വ്യക്തി മുന്നോട്ടുവന്ന് മൊഴി നൽകിയില്ലെങ്കിൽ പൊലീസിന്റെ നടപടിക്രമപരമായ വീഴ്ചയാവും. കേസ് നിലനിൽക്കില്ല. സാങ്കേതിക പരാജയം ഉണ്ടാകരുത്. പൊലീസ് ഇത്തരം പഴുതടച്ച അന്വേഷണത്തിനുള്ള വഴിയാണ് തേടുന്നതെന്ന് പരമേശ്വര പറഞ്ഞു.
എല്ലാം നിയമപരമായ ചട്ടക്കൂടിനുള്ളിൽ നടക്കണമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിരവധി സ്ത്രീകളുടെയും മറ്റ് ഇരകളുടെയും മൃതദേഹങ്ങൾ ധർമസ്ഥല ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും സംസ്കരിക്കാൻ നിർബന്ധിച്ചതായും തെളിവുകൾ ഉണ്ടെന്നുമാണ് അജ്ഞാതൻ തന്റെ വെളിപ്പെടുത്തലിൽ അവകാശപ്പെട്ടത്. തന്റെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിനോട് അഭ്യർഥിച്ചിട്ടുമുണ്ട്. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും നിലവിൽ അയൽസംസ്ഥാനത്ത് കുടുംബത്തോടൊപ്പം ഒളിവിലാണെന്നുമാണ് പറഞ്ഞത്.
11 വർഷം മുമ്പ് ധർമസ്ഥലയിൽനിന്ന് ഒളിച്ചോടിയതായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ പറയുന്നു. സ്ത്രീകളുടെ മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും ആരോപിച്ചു. വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെയാണ് അവരെ കണ്ടെത്തിയത്. ആക്രമണത്തെ സൂചിപ്പിക്കുന്ന മുറിവുകളും ഉണ്ടായിരുന്നു. ധർമസ്ഥലയിൽ ആരാധനാലയത്തിന് കീഴിൽ ശുചീകരണ ജോലി ചെയ്തിരുന്ന ദലിതനാണ് ഈ മാസം നാലിന് വെളിപ്പെടുത്തൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.