ബംഗളൂരു: മൈസൂരു നഞ്ചരാജ ബഹദൂർ ചൗൾട്രിയിൽ സംഘടിപ്പിച്ച ദ്വിദിന അരി മേളയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറിലധികം പരമ്പരാഗത നെൽ കർഷകർ വ്യത്യസ്ത അരി ഇനങ്ങൾ പ്രദർശിപ്പിച്ചു. ചുവന്ന അരി, സുഗന്ധമുള്ള അരി, കറുത്ത അരി, ഔഷധ അരി, കടുപ്പമേറിയ അരി തുടങ്ങിയ അപൂർവ ഇനങ്ങളും മൂല്യവർധിത അരി ഉൽപന്നങ്ങളുടെ ശ്രേണിയും ശ്രദ്ധയാകർഷിച്ചു.
'സേവ് അവർ റൈസ് കാമ്പയിൻ’, ‘സഹജ സമൃദ്ധ’ എന്നിവ സംഘടിപ്പിച്ച മേളയിൽ സംസ്ഥാനത്തുടനീളമുള്ള നെല്ല് സംരക്ഷകർ അവരുടെ നാടൻ നെല്ല് നേരിട്ട് വിൽപനക്ക് എത്തിച്ചു. രാജമുടി, ബർമ ബ്ലാക്ക്, സിദ്ധ സന്ന, രത്നചൂഡി, നവര, ഗോവിന്ദ് ഭോഗ്, എച്ച്.എം.ടി, സിന്ദൂർ മധുസാലെ തുടങ്ങിയ ജനപ്രിയ ഇനങ്ങളുടെ വിത്തുകളും ലഭ്യമായി.
അരിക്ക് പുറമേ, തിന, പച്ചക്കറി വിത്തുകൾ, കിഴങ്ങുവർഗങ്ങൾ, ജൈവ ഉൽപന്നങ്ങൾ, അച്ചാറുകൾ, ഫലവൃക്ഷത്തൈകൾ എന്നിവയും മേളയിലെത്തി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്-സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്രീദേവി അന്നപൂർണ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു.
57 നാടൻ നെല്ലിനങ്ങൾ സംരക്ഷിച്ചിട്ടുള്ള പൊന്നമ്പേട്ടിലെ ഹുദൂരിൽനിന്നുള്ള വിത്ത് സംരക്ഷകനായ ബി.പി. രവിശങ്കർ, നെൽകൃഷി കൂടുതൽ ചെലവേറിയതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. വാണിജ്യ വിളകളുടെ വളർച്ച പരമ്പരാഗത നെൽവിത്തുകളെ അരികുകളിലേക്ക് തള്ളിവിട്ടതായി അദ്ദേഹം പറഞ്ഞു. ഈ ഇനങ്ങളെ വീണ്ടും സജീവ കൃഷിയിലേക്ക് കൊണ്ടുവരുന്നതിന് പിന്തുണ നൽകണമെന്ന് അദ്ദേഹം സർക്കാറിനോട് അഭ്യർഥിച്ചു.
രേണുക മഹിളാ സംഘത്തിന്റെ പ്രേമ ലോക്കുണ്ടി, ബിബി ഫാത്തിമ മഹിളാ സംഘത്തിലെ ബിബി ജാൻ, തീർഥ ഗ്രാമം, കുന്ദഗോൾ, ധാർവാഡ്, സഹജ സമൃദ്ധയിലെ ജി. കൃഷ്ണ പ്രസാദ്, സേവ് അവർ റൈസ് കാമ്പയിൻ കോഓഡിനേറ്റർ സി. ശാന്തകുമാർ എന്നിവർ പങ്കെടുത്തു.
കൗതുകം തീർത്ത് ‘മാജിക് റൈസ്’
ബംഗളൂരു: അസമിൽ നിന്നുള്ള കോമൾ ചാവൽ ഇനം സ്റ്റൗ കത്തിക്കാതെ തന്നെ തയാറാക്കാം. 10 മിനിറ്റ് ചൂടുള്ള വെള്ളത്തിലോ തിളച്ച വെള്ളത്തിലോ മുക്കിവച്ചാൽ അരി കഴിക്കാൻ പാകമാവും. മേളയിലെ ഈ ‘മാജിക് റൈസ്’ നിരവധി സന്ദർശകരെ മുഖ്യ ആകർഷണമായി. നെൽക്കതിരുകൾ മുളപ്പിക്കുന്നത് വ്യാപകമായി അറിയപ്പെടുന്നുണ്ടെങ്കിലും, പാചകത്തിനായി തൊലി കളഞ്ഞ അരി മുളപ്പിക്കുന്ന തായ് സാങ്കേതിക വിദ്യയും അവതരിപ്പിച്ചു. തമിഴ്നാട്ടിൽ പരമ്പരാഗതമായി വരന്മാർ കഴിക്കുന്ന ഔഷധഗുണമുള്ള മാപ്പിള സാംബ എന്ന അരിയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.