ഡി.കെ. ശിവകുമാർ
ബംഗളൂരു: എസ്.സി, ഒ.ബി.സി, ന്യൂനപക്ഷ വോട്ടുകൾ വെട്ടിക്കുറക്കാൻ വേണ്ടിയാണ് വോട്ടർ പട്ടികയുടെ എസ്.ഐ.ആർ നടപ്പാക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസ് എസ്.സി, ഒ.ബി.സി, ന്യൂനപക്ഷ സമുദായത്തിന് സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തെക്കുറിച്ച് പാർട്ടി എല്ലാ നേതാക്കള്‍ക്കും ബോധവത്കരണം നല്‍കുന്നുണ്ട്.
മേയ് 30 മുതൽ 36.73 കോടി വോട്ടർമാരെ ഉൾപ്പെടുത്തി 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഘട്ടം ഘട്ടമായി എസ്.ഐ.ആറിന്‍റെ മൂന്നാം ഘട്ടം നടപ്പാക്കുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കർണാടകയിൽ 88 മുതൽ 90 ശതമാനം വരെ വോട്ടർമാരുടെ മാപ്പിങ് പൂർത്തിയായി.
എങ്കിലും അവരെയെല്ലാം ബോധവത്കരിക്കാൻ ശ്രമിക്കും. ഇന്ത്യയിൽ ജനിക്കുന്ന ഓരോരുത്തർക്കും അവരവരുടെ അവകാശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ആർ നടക്കുന്ന സംസ്ഥാനങ്ങളിൽ പഞ്ചാബ്, ജാർഖണ്ഡ്, കർണാടക, തെലങ്കാന എന്നിവയാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും.
എസ്.ഐ.ആറിനെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കളും സംഘടനകളും കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സംസ്ഥാനത്തെ വോട്ടർമാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ പുറത്താക്കിക്കളയുന്ന ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ പ്രക്രിയയെന്നാണ് അവർ സ്പെഷൽ ഇന്‍റൻസീവ് റിവിഷനെന്നു വിശേഷിപ്പിച്ചത് എന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.