ബംഗളൂരു ഓൾഡ് മദ്രാസ് റോഡ് -ഇലക്ട്രോണിക് സിറ്റി മേൽപാലം; ചെലവ് 852 കോടി

ബംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ കിഴക്കൻ മേഖലകളെയും തെക്കൻ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ എലിവേറ്റഡ് കോറിഡോർ (മേൽപ്പാലം) സ്ഥാപിക്കാൻ നടപടി .852 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകും. കർണാടക സർക്കാരിന് കീഴിലുള്ള ബംഗളൂരു വികസന അതോറിറ്റിയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

നിലവിൽ അതീവ ഗതാഗതക്കുരുക്ക് നേരിടുന്ന ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് എന്നിവയിലെ വാഹനത്തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ആരംഭിച്ചതായും കരാർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷന് സമീപമുള്ള ഓൾഡ് മദ്രാസ് റോഡിൽ നിന്നാണ് നിർദ്ദിഷ്ട മേൽപ്പാലം ആരംഭിക്കുന്നത്. അവിടെ നിന്ന് കിഴക്കൻ ബംഗളൂരുവിലെ പ്രധാന ഭാഗങ്ങളായ ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ് എന്നിവയിലൂടെ കടന്നുപോയി ഹൊസൂർ റോഡുമായി ബന്ധിപ്പിക്കും. തുടർന്ന് സിൽക്ക് ബോർഡ് ജംഗ്ഷന് സമീപമെത്തി തെക്കൻ മേഖലയായ ഇലക്ട്രോണിക് സിറ്റിയിലേക്കാണ് ഈ പാത നീളുന്നത്.

നാലുവരിപ്പാതയായി നിർമ്മിക്കുന്ന ഈ എലിവേറ്റഡ് കോറിഡോറിന് 5.2 കിലോമീറ്റർ നീളമുണ്ടാകും. സിഗ്നലുകളില്ലാത്ത പാതയായതിനാൽ ജംഗ്ഷനുകളിലെ തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കും. നിർമാണം ആരംഭിച്ച് 18 മാസത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ്, സർജാപ്പൂർ റോഡ്, ഹൊസൂർ റോഡ്, ഇലക്ട്രോണിക് സിറ്റി തുടങ്ങി നിരവധി വാണിജ്യ-ആവാസ മേഖലകൾക്ക് ഈ പദ്ധതി നേരിട്ട് ഗുണം ചെയ്യും. ഐടി പാർക്കുകളിലേക്കും മറ്റ് ഓഫീസുകളിലേക്കും ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഇത് സഹായിക്കും. 

Tags:    
News Summary - Bengaluru Old Madras Road - Electronic City flyover; Cost ₹852 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.