ബംഗളൂരു : തെരഞ്ഞെടുപ്പ് പ്രക്രിയയുടെ (എസ്.ഐ.ആർ) ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച വില്ലേജ് അക്കൗണ്ടന്റ് ഭുവനയുടെ കുടുംബത്തിന് 15 ദിവസത്തിനകം ഒരു കോടി രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കും. ഇതിന് പുറമെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും തെരഞ്ഞെടുപ്പ് കമീഷനിൽ നിന്നുള്ള പ്രത്യേക ധനസഹായമായി 30 ലക്ഷം രൂപയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വർ പറഞ്ഞു. ഭുവനയുടെ മരണത്തെ തുടർന്ന് റവന്യൂ എംപ്ലോയീസ് അസോസിയേഷൻ നടത്തിവന്ന പ്രതിഷേധ സ്ഥലം സന്ദർശിച്ച ശേഷമാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ധനസഹായവും ജീവനക്കാരുടെ മറ്റ് ആവശ്യങ്ങളും ഉടൻ നിറവേറ്റാമെന്ന ഉറപ്പിന്മേൽ അസോസിയേഷൻ പ്രതിഷേധം പിൻവലിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സംഭവസ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ സാധിക്കാതിരുന്നതെന്നും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും പരമേശ്വര കൂട്ടിച്ചേർത്തു. ഔദ്യോഗിക ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടമായതിനാൽ സർക്കാർ തലത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും മുൻഗണനയോടെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തുമകുരു താലൂക്കിലെ ഹുള്ളനഹള്ളി വില്ലേജ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബേഗൂർ സ്വദേശിനി ടി. ഭുവന കഴിഞ്ഞ ശനിയാഴ്ചയാണ് ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത്. അന്ന് രാവിലെ എസ്.ഐ.ആർ പ്രക്രിയയുടെ സൂപ്പർവൈസറായി ഭുവനക്ക് ചുമതല ലഭിച്ചിരുന്നു. തന്റെ ഇരുചക്ര വാഹനത്തിൽ ഗുലൂരിലെ നടക്കച്ചേരിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമിതവേഗതയിൽ വന്ന ലോറി ഭുവനയുടെ സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. ഉടൻ തുമകുരുവിലെ സിദ്ധഗംഗ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലുംവൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.