ബംഗളൂരു: സർജാപൂരിലെ ജെംപാർക്ക് ലേഔട്ടിലുള്ള വീട്ടിൽനിന്ന് കാണാതായ ഏഴ് വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം സമീപത്തെ തടാകത്തിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ എൽവിൻ ഡിസൂസ എന്ന കുട്ടിയെയാണ് കാണാതായത്. പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗത്തിൽപെടുന്ന കുട്ടിയാണ് എൽവിൻ ഡിസൂസ.
ഉച്ചക്ക് 2.30ഓടെ എൽവിൻ സൈക്കിളിൽ സഞ്ചരിച്ചിരുന്നു. ഈസമയം അമ്മ കൂടെയുണ്ടായിരുന്നു. പിന്നീട്, വാഷിങ് മെഷീൻ ടെക്നീഷ്യൻ വീട്ടിലെത്തിയപ്പോൾ അമ്മ വാഷിങ് മെഷീൻ കാണിച്ചുകൊടുക്കുന്നതിനായി അകത്തേക്ക് പോയി. വൈകീട്ട് മൂന്നോടെ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലായിരുന്നു. കുടുംബം തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പിതാവ് പിന്നീട് സർജാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പുഷ്പം ലഷ് കൗണ്ടി റിക്രിയേഷനൽ ഏരിയക്ക് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം ഉച്ചക്ക് 2.44ന് എൽവിനെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടിരുന്നു. കണ്ടെത്താനുള്ള ശ്രമത്തിൽ സമൂഹമാധ്യമ കാമ്പയിനും അരങ്ങേറിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ 11.30ഓടെ സമീപത്തെ തടാകത്തിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അസ്വാഭാവിക മരണത്തിന് സർജാപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരണത്തിൽ ദുരൂഹതയുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.