കുടിശ്ശിക ബില്ലുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
കരാറുകാരുെട സംഘടന നേതാക്കൾ നടത്തിയ
വാർത്തസമ്മേളനം
ബംഗളൂരു: കരാറുകാർക്ക് പ്രവൃത്തികൾ തീർത്തതിനുള്ള ബില്ലുകൾ മാറി കിട്ടുന്നില്ലെന്ന പ്രശ്നം ചൂടുപിടിക്കുന്നു. പ്രശ്നം രാഷ്ട്രീയ പ്രചാരണത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നുമുണ്ട്. കുടിശ്ശിക ബില്ലുകളുടെ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലികെയിലെ (ബി.ബി.എം.പി) കരാറുകാരും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലാണ് പ്രശ്നം.
കഴിഞ്ഞ 26 മാസത്തിൽ 2700 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയായി നിൽക്കുകയാണെന്ന് ബി.ബി.എം.പി. വർക്കിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു.ബിൽ പാസാക്കുന്നതിന് ബംഗളൂരു വികസനത്തിന്റെ ചുമതലയുള്ള മന്ത്രിയായ ഡി.കെ. ശിവകുമാർ തുകയുടെ 10 മുതൽ 15 ശതമാനംവരെ കമീഷൻ ആവശ്യപ്പെടുന്നതായും അവർ ആരോപിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് അവർ ഗവർണർ താവർചന്ദ് ഗെഹ് ലോട്ടിന് നിവേദനം നൽകിയിരുന്നു. ബില്ലുകൾ പാസാക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് കരാറുകാരുടെ സംഘടന പ്രതിനിധികൾ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും കണ്ടിരുന്നു.
എല്ലാ നേതാക്കളെയും കണ്ട് പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബില്ലുകൾ പാസായിക്കിട്ടാതെ ബാക്കി പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, രാഷ്ട്രീയ എതിരാളികൾ ആസൂത്രണം ചെയ്യുന്നതാണ് ഇക്കാര്യങ്ങളെന്നാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം. ആരാണിതിന് പിന്നിലെന്ന് തനിക്കറിയാം. ശരിയായ രീതിയിൽ പ്രവൃത്തി നടത്തിയ ഒരു കരാറുകാരന്റെ ബില്ലും കോൺഗ്രസ് സർക്കാർ പിടിച്ചുവെക്കില്ല. പക്ഷേ, വ്യാജബില്ലുകൾ കണ്ടെത്തി പിടിച്ചുവെക്കും. സർക്കാറിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കേണ്ടെന്നും പറഞ്ഞു.
ബി.ജെ.പി ഭരണകാലത്ത് ബില്ലുകൾ എന്തുകൊണ്ട് മാറി നൽകിയില്ല, കോൺഗ്രസ് സർക്കാറിനെതിരായ നീക്കത്തിന് കരാറുകാരെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മന്ത്രി ആർ. അശോകയും തങ്ങളുടെ ഭരണകാലത്ത് ബില്ലുകൾ മാറി നൽകിയില്ല. ആരാണ് അതിൽനിന്ന് അവരെ തടഞ്ഞത്. അവർക്ക് ഫണ്ടില്ലാതിരുന്നതുകൊണ്ടാണോ, അതോ, പ്രവൃത്തികൾ ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണോ. ഈ ചോദ്യങ്ങൾക്ക് ബി.ജെ.പി മറുപടി പറയണം. കരാറുകാരുടെ ചോദ്യങ്ങൾക്ക് കോൺഗ്രസ് സർക്കാറും ഉത്തരം നൽകുമെന്നും ഡി.കെ. പറഞ്ഞു.
ബംഗളൂരു: കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഇതിനിടയിൽ കരാറുകാരുടെ ബില്ലുകൾ മാറ്റിനൽകുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിരമിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. വീരപ്പയുടെ നേതൃത്വത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള അന്വേഷണം നടത്തുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കരാറുകാരുടെ ബില്ലുകൾ മാറ്റിനൽകാൻ താൻ കമീഷൻ ചോദിച്ചുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കമീഷൻ ആരോപണവിഷയത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശിക ബില്ലുകൾ മാറിനൽകാൻ 10 മുതൽ 15 ശതമാനം വരെ കമീഷൻ ശിവകുമാർ ആവശ്യപ്പെട്ടുവെന്നാണ് കരാറുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.