നാഗവാരയേയും കെ.പി പുരത്തെയും ബന്ധിപ്പിക്കുന്ന ഹെബ്ബാൾ മേൽപ്പാലം
ബംഗളൂരു: ഒന്നാം സിദ്ധരാമയ്യ സർക്കാർ ജനങ്ങളുടെ എതിർപ്പ് കാരണം ഉപേക്ഷിച്ച സ്റ്റീൽ മേൽപ്പാലത്തിന് പകരം തുരങ്കപാത നിർമിക്കാൻ പദ്ധതി. നഗരഗതാഗതം തടസ്സമില്ലാതെ നടത്താനുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഈ സ്വപ്ന പദ്ധതിക്ക് 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹെബ്ബാൾ-സിൽക്ക്ബോർഡ് 18 കിലോമീറ്റർ തുരങ്കപാതയാണ് നിർമിക്കുക.
നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഹെബ്ബാൾ കെംപാപുര-സർജാപുര റോഡ് പാതക്ക് സമാന്തരമായി തുരങ്ക പാതയിലേക്ക് അഞ്ച് ഇടങ്ങളിൽനിന്ന് പ്രവേശനം സാധ്യമാവും. സിൽക്ക് ബോർഡിലെ കർണാടക റിസർവ് പൊലീസ് ഗ്രൗണ്ട്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്, എസ്റ്റീം മാൾ എന്നിവിടങ്ങളിൽനിന്നാണ് പ്രവേശനം. 37 കിലോമീറ്ററാണ് കെംപാപുര-സർജാപുര മെട്രോയുടെ ദൈർഘ്യം. ഡയറി സർക്കിൾ, കോറമംഗല, അഗര എന്നിവയെ ബന്ധിപ്പിച്ചു കടന്നുപോകുന്ന പാതയിൽ ഹെബ്ബാൾ മുതൽ കോറമംഗലവരെയുള്ള 16.8 കിലോമീറ്റർ ദൂരം ഭൂഗർഭപാതയാണ്.
ആറുവരി പാത ഹെബ്ബാൾ മുതൽ പാലസ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ നിർമാണമാണ് ആദ്യം ആരംഭിക്കുക. വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിന് അടിയിലൂടെ തുരങ്കപാത കടന്നുപോകും. 2018ൽ സിദ്ധരാമയ്യ സർക്കാർ വിധാൻ സൗധക്ക് സമീപം ചാലൂക്യ സർക്ക്ൾ മുതൽ ഹെബ്ബാൾവരെ 6.7 കിലോമീറ്റർ ദൂരം സ്റ്റീൽ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പ്രതിഷേധത്തെതുടർന്ന് പിന്മാറിയിരുന്നു. ഇതിന് പകരമായാണ് തുരങ്കപാത നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.