പ്രതീകാത്മക ചിത്രം
ബംഗളൂരു: കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക സംസ്ഥാന കരിമ്പ് കർഷക അസോസിയേഷൻ ശനിയാഴ്ച ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് സമീപം പ്രതിഷേധ പ്രകടനം നടത്തും. അസോസിയേഷൻ പ്രസിഡന്റ് ഹള്ളിക്കെരെഹുണ്ടി ഭാഗ്യരാജ് വ്യാഴാഴ്ച മൈസൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി കുടിശ്ശികയിനത്തില്‍ കിട്ടാനുള്ള 950 കോടി രൂപ ഉടന്‍ വിതരണം ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ബന്നാരി പഞ്ചസാര ഫാക്ടറിയില്‍ തടഞ്ഞു വെച്ച 18 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കണം. വടക്കൻ കർണാടകയിലും തെക്കൻ കർണാടകയിലും ടണ്ണിന് 800 രൂപയുടെ വില വ്യത്യാസം നിലനില്ക്കുന്നു. സംസ്ഥാനത്ത് കരിമ്പ് വില ഏകീകരിക്കണമെന്നും ഭാഗ്യരാജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പഞ്ചസാര ഫാക്ടറികളിലെ തട്ടിപ്പ് അവസാനിപ്പിക്കാൻ ന്യായമായ കരാറുകൾ, ശരിയായ തൂക്ക യന്ത്രങ്ങൾ, ഭാരം പരിശോധിക്കാൻ പ്രാദേശിക വിദഗ്ധ സമിതി എന്നീ സംവിധാനങ്ങള്‍ നടപ്പാക്കണം. ഓണററി പ്രസിഡന്റ് അന്ദനകൊപ്പലു രാജു, ട്രഷറർ കിരാഗസുരു രാജണ്ണ, ജില്ലാ പ്രസിഡന്റ് ബരഗുരു ഗണേഷ്, വൈസ് പ്രസിഡന്റ് ദേവനൂർ നാഗേന്ദ്ര, കബിനി ശിവരാജപ്പ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.