ബംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ നടന്ന കൺവെൻഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ
ബംഗളൂരു: കർണാടക സർക്കാറിൽ അധികാരമാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. തിങ്കളാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയിലും ജെ.ഡി-എസിലും അവർക്കിടയിലെ സഖ്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതു മറക്കാൻ കോൺഗ്രസിനെതിരെ നടത്തുന്ന മാധ്യമ സൃഷ്ടിയാണ് അഭ്യൂഹങ്ങൾക്കിടയാക്കുന്നതെന്നും പറഞ്ഞു. കർണാടക കോൺഗ്രസ് സർക്കാറിന്റെ ഗാരന്റി പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണെന്നും സ്വാഭാവികമായും ബി.ജെ.പി ഇതിൽ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കർണാടകയിൽ കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെയും പ്രതികരണം. ‘ഞങ്ങൾക്കിടയിൽ ഒരു ആശയക്കുഴപ്പവുമില്ല. കസേര ഒഴിഞ്ഞുകിടക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെ മാറ്റുമെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്നു. തീൻമേശയിൽ ഞങ്ങൾ കണ്ടുമുട്ടിയാൽപോലും അത് ഒരു രാഷ്ട്രീയ ചർച്ചയായി കണക്കാക്കപ്പെടുന്നു. ഞങ്ങൾ ചർച്ച ചെയ്തിരിക്കാവുന്ന കാര്യങ്ങളെക്കുറിച്ച്, പൂർണമായും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി, സംഭാഷണങ്ങൾപോലും കെട്ടിച്ചമയ്ക്കപ്പെടുന്നു -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യ അടുത്തിടെ ദലിത്, പട്ടികവർഗ മന്ത്രിസഭാ സഹപ്രവർത്തകരുമായി നടത്തിയ അത്താഴവിരുന്നിന് ശേഷമാണ് ഇതുസംബന്ധിച്ച് അഭ്യൂഹമുയർന്നത്. മാർച്ച് ബജറ്റിനുശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന് കോൺഗ്രസിനുള്ളിലും സംസാരമുണ്ട്. മന്ത്രിമാർ ഉൾപ്പെടെ പാർട്ടി നേതാക്കൾ നേതൃമാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.
സിദ്ധരാമയ്യയുമായി അടുപ്പമുള്ള മന്ത്രി കെ.എൻ. രാജണ്ണ, മുഖ്യമന്ത്രി സ്ഥാനാർഥിയായ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയകരമായി നയിച്ചുകൊണ്ട് മുഖ്യമന്ത്രിയാകുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ, മന്ത്രിമാർ, എസ്.സി/എസ്.ടി സമുദായങ്ങളിൽനിന്നുള്ള നിയമസഭാംഗങ്ങൾ എന്നിവരുടെ യോഗം ജനുവരി എട്ടിന് വൈകുന്നേരം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, സുർജേവാല ഇടപെട്ട് ഈ യോഗം മാറ്റിവെപ്പിക്കുകയായിരുന്നു.
ജനുവരി 21ന് ബെളഗാവിയിൽ എ.ഐ.സി.സിയുടെ നേതൃത്വത്തിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന പേരിൽ നടക്കുന്ന മെഗാ കൺവെൻഷന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് സുർജേവാല ബംഗളൂരുവിലെത്തിയത്. മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച 1924ലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദിയെ അനുസ്മരിക്കുന്ന പരിപാടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.