ബംഗളൂരു: അടുത്ത മാസം ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാവൻഗരെ സൗത്ത് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് റെബൽ സ്ഥാനാർഥിയായി പത്രിക നൽകിയ സാദിഖ് പൈൽവാൻ വ്യാഴാഴ്ച നാമനിർദേശ പത്രിക പിൻവലിച്ചില്ല. അനുരഞ്ജന ശ്രമത്തിനായി എത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദിനേയും റിസ്വാൻ അർഷദ് എം.എൽ.എയേയും പൈൽവാന്റെ വീടിന് പുറത്ത് തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ ‘ഗോ ബാക്ക്’വിളിച്ച് ഉപരോധിച്ചു.നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം വൈകിട്ട് മൂന്നിന് അവസാനിച്ചു. വീടിന്റെ പിൻമുറ്റത്ത് യോഗം നടത്തുകയായിരുന്ന സ്ഥാനാർഥിയെ കോൺഗ്രസ് പ്രതിനിധി സംഘം സമീപിച്ചപ്പോഴാണ് പൈൽവാന്റെ അനുയായികൾ തടഞ്ഞത്.പിന്നീട് പൈൽവാനുമായി സംഘം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി, ഉച്ചക്ക് 2.50 ന് പ്രതിനിധി സംഘം പോയി.
ഭവന മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചക്കായി എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൈല്വാന്റെ വീടിന് സമീപം അനുയായികള്‍ ഉച്ച 12 മണിയോടെ എത്തി തമ്പടിച്ചിരുന്നു.സാദിഖ് പൈൽവാൻ കോൺഗ്രസ് കുടുംബത്തിലെ അംഗമാണ്. ചില പ്രശ്നങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നു. സമയക്കുറവ് കാരണം അദ്ദേഹത്തിന് നാമനിർദേശപത്രിക പിൻവലിക്കാൻ കഴിഞ്ഞില്ല.
അസംതൃപ്തരായ എല്ലാ യുവാക്കളെയും ഞങ്ങൾ വിശ്വാസത്തിലെടുക്കും, റിസ്വാൻ അർഷദ് എം.എൽ.എ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടിക്കറ്റ് നിഷേധിക്കപ്പെടുമ്പോൾ ഇത്തരം കോപം ഉണ്ടാകുന്നത് സാധാരണമാണ്. പൈൽവാനുമായി ഞങ്ങൾ ഒരു റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. ദാവൻഗരെയിലെത്താൻ ഞങ്ങൾക്ക് സമയമെടുത്തു.
വരും ദിവസങ്ങളിൽ ഞങ്ങൾ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കും. അദ്ദേഹം കോൺഗ്രസിന് ഒരു ശക്തിയായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,അഹമ്മദ് കൂട്ടിച്ചേർത്തു. കോൺഗ്രസ് എം.എൽ.എ ഷാമണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ പരേതന്റെ ചെറുമകൻ സമർഥ് മല്ലികാർജുനാണ് കോൺഗ്രസ് സ്ഥാനാർഥി.മുസ്ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗം പ്രതിനിധിയെ സ്ഥാനാർഥിയാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ശ്രീനിവാസ് ദാസകരിയപ്പയാണ് ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി 84,298 വോട്ടുകളും ബിജെപിയുടെ ബി.ജി.അജയ് കുമാർ 56,410 വോട്ടുകളുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.