ഡി.കെ. ശിവകുമാർ
ബംഗളൂരു: ആഗസ്റ്റ് 15ന് ചാമരാജനഗറിൽ നടന്ന വെടിവെപ്പില്‍ മൂന്ന് വേട്ടക്കാര്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന തമിഴ്നാട്ടിലെ രാഷ്ട്രീയക്കാരുടെ ആവശ്യം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച തള്ളി. കര്‍ണാടകയുടെ പവിത്രത സംരക്ഷിക്കുമെന്നും തമിഴ്നാട് ക്രമസമാധാന പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യണമെന്നും നിര്‍ദേശിച്ചു. ഫെഡറൽ ഘടനയാണ് നില നില്‍ക്കുന്നത്. അതിനാല്‍ ഒരു സംസ്ഥാനവും മറ്റൊരു സംസ്ഥാനത്തിന്റെ ഭരണത്തിൽ ഇടപെടരുത്.
ജനങ്ങൾക്ക് ഈ അടിസ്ഥാന ധാരണ ഉണ്ടായിരിക്കണം. തമിഴ്നാടിന്റെ ക്രമസമാധാന പ്രശ്നങ്ങളിലൊന്നും തനിക്ക് ഇടപെടാൻ കഴിയില്ല. ഓരോ സംസ്ഥാനത്തിനും അതിന്റെതായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്. വേട്ടക്കാർ തമിഴരായിരുന്നു.
സംഭവത്തെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും സംഭവത്തെക്കുറിച്ച് ഉന്നതതല സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കർണാടക വനംവകുപ്പ് മൂന്ന് പേരെ വെടിവച്ചു കൊന്നതായും നാലാമത്തെ വ്യക്തി മൈസൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും ഇരകളുടെ കുടുംബങ്ങൾ പറഞ്ഞതായി മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
സംഭവം നടന്ന സ്ഥലം രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിയിലാണെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. എല്ലാ പ്രസ്താവനകളെക്കുറിച്ചും അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് വിജയ്യുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.