ഫയൽ ചിത്രം
ബംഗളൂരു: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ പ്രകാശ് രാജും നിരവധി സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടവകാശത്തെ ബാധിച്ചേക്കാവുന്ന നിരവധി പൊരുത്തക്കേടുകൾ പരിഷ്കരണ പ്രക്രിയയില്‍ ഉണ്ടെന്ന് അവർ ആരോപിച്ചു.
തിരുത്തൽ നടപടികളില്ലാതെ പരിഷ്കരണ പ്രക്രിയ തുടർന്നാൽ വോട്ടർമാരോടുള്ള ഗുരുതരമായ അനീതിയായി മാറും.വിഷയം സംബന്ധിച്ച് എദ്ദളു കർണാടക, മുസ്ലീം മുത്തഹദേ മഹസ്, ആശിർവാദ്, നമ്മ മാതാ നമ്മ ഹക്കു വേദികെ, നാഗരിക മാതാ കാവലു സമിതി എന്നീ സംഘടന പ്രതിനിധികൾ ഒപ്പുവെച്ച കത്തും മുഖ്യമന്ത്രിക്ക് കൈമാറി.
കർണാടകയിലെ ഏകദേശം 1.09 കോടി വോട്ടർമാരെ മറ്റുള്ളവര്‍ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടനകള്‍ പറഞ്ഞു. കൂടാതെ നഗരത്തിലെ പകുതിയോളം വോട്ടർമാരെയും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്നും ഏകദേശം 3,000 പോളിങ് ബൂത്തുകളിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട വോട്ടർമാരുടെ എണ്ണം 60 ശതമാനത്തിൽ കൂടുതലാണെന്നും അവർ ആരോപിച്ചു.
എണ്ണൽ ഫോം പ്രക്രിയക്ക് മൂന്ന് മാസത്തെ കാലാവധി നീട്ടണമെന്നും ഒരു വർഷത്തിനുള്ളിൽ വോട്ടർ പട്ടിക പരിഷ്കരണം വ്യവസ്ഥാപിതമായി നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ആർ പരിശോധനക്കിടെ സ്ഥലം മാറിയവര്‍,കണ്ടെത്തന്‍ സാധിക്കാത്തവര്‍, മറ്റുള്ളവർ എന്നിങ്ങനെ തരംതിരിച്ച വോട്ടർമാരുടെ പുതിയ ഡോർ ടു ഡോർ വെരിഫിക്കേഷൻ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. താമസസ്ഥലം മാറിയ വോട്ടർമാർക്ക് ഫോം 8 വിതരണം ചെയ്യണമെന്നും അതുവഴി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യത നേരിടുന്നതിനുപകരം വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും സംഘടനകള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.