പ്രജ്വൽ രേവണ്ണ
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലുള്ള കൂട്ട ബലാത്സംഗ കേസ് പ്രതി മുൻ എം.പി പ്രജ്വൽ രേവണ്ണ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. രേവണ്ണയെ പാർപ്പിച്ചിരുന്ന മുറിയിൽനിന്ന് സ്മാർട്ട്ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രേവണ്ണയെയും മറ്റൊരു തടവുകാരനെയും പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. സുരക്ഷ വിഭാഗം ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്മാർട്ട്ഫോൺ,ചാർജർ, പെൻഡ്രൈവ്, പോക്കറ്റ് നോട്ട്ബുക്ക് എന്നിവ കണ്ടെടുത്തത്.
പോക്സോ കേസിൽ വിചാരണ നേരിടുന്ന പ്രതാപ് റൈ എന്ന തടവുകാരനൊപ്പം ഉയർന്ന സുരക്ഷയുള്ള പ്രത്യേക സെല്ലിലാണ് പ്രജ്വൽ രേവണ്ണയെ പാർപ്പിച്ചിരുന്നത്. കണ്ടെടുത്ത സാധനങ്ങളിൽ പോക്കറ്റ് നോട്ട്ബുക്ക് തന്റേതാണെന്ന് രേവണ്ണ സമ്മതിച്ചപ്പോൾ ഫോണും മറ്റ് ഉപകരണങ്ങളും തന്റേതാണെന്ന് പ്രതാപ് റൈ പൊലീസിനോട് പറഞ്ഞു. ബന്ധുക്കളെയും അഭിഭാഷകനേയും വിളിക്കാൻ താൻ ഈ ഫോൺ ഉപയോഗിച്ചിരുന്നതായി രേവണ്ണ വ്യക്തമാക്കി. പ്രതാപ് റൈയും ഫോൺ ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു.
ഫോണിന്റെ പാസ്‌വേഡ് അറിയില്ലെന്നാണ് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫോണിലെ സിം കാർഡ് അടുത്തിടെ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്‌തുക്കൾ കൂടുതൽ ഫോറൻസിക് പരിശോധനക്കയച്ചു. നേരത്തെ ഈ മാസം ആറിന് ജയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടെ ജയിലിനുള്ളിൽ പ്രജ്വൽ രേവണ്ണ ടി-ഷർട്ടും സ്വെറ്റ് പാന്റ്സും ധരിച്ച് ഫോണിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഡിയോ അടുത്തിടെയുള്ളതല്ലെന്നും കുറഞ്ഞത് ആറുമാസമെങ്കിലും പഴക്കമുള്ളതാണെന്നുമാണ് ഉന്നത ജയിൽ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
ബംഗളൂരു: സെൻട്രൽ ജയിലിൽ മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണക്ക് പ്രത്യേക സൗകര്യങ്ങൾ നൽകാൻ കൂട്ടുനിന്നതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഒരു ഉദ്യോഗസ്ഥനെയും, ആ വ്യക്തി കോൺസ്റ്റബിളായാലും ഐപിഎസ് ഉദ്യോഗസ്ഥനായാലും സംരക്ഷിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പ്രജ്വലിനെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
സർക്കാർ ആരെയും ലക്ഷ്യമിടുന്നില്ല. പ്രജ്വൽ ഒരു കുറ്റവാളിയാണ്. ഒന്നും വ്യക്തിപരമല്ല. കോടതി പ്രജ്വൽ രേവണ്ണയെ കുറ്റക്കാരനാണെന്ന് വിധിച്ചു.ആ പശ്ചാത്തലത്തിൽ അദ്ദേഹം ജയിലിലാണ്. ഖാർഗെ പറഞ്ഞു. ജയിലിനുള്ളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ എന്ത് വില കൊടുത്തും നടപടിയെടുക്കണം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ അൽപ്പം പഴയതാണ്. മൊബൈൽ ഫോൺ സെല്ലിന് ആരാണ് കൈമാറിയതെന്ന് കണ്ടെത്താനാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ വൈഫൈ ഉപയോഗം ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോൺസ്റ്റബിൾ മുതൽ ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും കുറ്റക്കാരനാണെങ്കിൽ അവരെ സംരക്ഷിക്കുന്ന പ്രശ്നമില്ല. ജയിൽ സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡുകൾ നടത്തിയത്. ജയിൽ സന്ദർശനത്തിനിടെ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ജയിൽ ഡിജിപി അലോക് കുമാറിനെതിരെയും നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കോൺസ്റ്റബിൾ മുതൽ ആർക്കെതിരെയും കുറ്റക്കാർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.