എസ്​.ഡി.പി.ഐയും ഉവൈസിയും മുസ്​ലിം വോട്ട് ഭിന്നിപ്പിക്കുമെന്ന്​ ആശങ്ക

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ എസ്​.ഡി.പി.ഐ നൂറു സീറ്റുകളിൽ മത്സരിക്കും. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 25 മണ്ഡലങ്ങളിലും രംഗത്തുണ്ട്​. ഇവർക്ക്​ ജയസാധ്യത ഇല്ലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ച്​ ബി.ജെ.പിക്ക്​ അനുകൂല സാഹചര്യമൊരുക്കാൻ ഇടയാക്കുമെന്ന്​ കോൺ​ഗ്രസും ജനതാദൾ എസും ആശങ്കപ്പെടുന്നു.

കർണാടകയിൽ 65 മണ്ഡലങ്ങളിൽ മുസ്​ലിം വോട്ടുകൾ 20 ശതമാനമുണ്ട്​. 45 സീറ്റുകളിൽ 10-20 ശതമാനവും​. ഏപ്രിൽ പത്തോടെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന്​ എസ്​.ഡി.പി.ഐ ജനറൽ സെക്രട്ടറി അഫ്​സർ കുഡ്​ലികെരെ പറഞ്ഞു.. 2018ൽ മൈസൂരുവിലെ നരസിംഹരാജ, ഗുൽബർഗ നോർത്​, ബംഗളൂരുവിലെ ചിക്ക്​പേട്ട്​ എന്നീ മണ്ഡലങ്ങളിലാണ്​ എസ്​.ഡി.പി.ഐ മത്സരിച്ചത്​.

നരസിംഹരാജയിൽ 33,284 വോട്ടുകൾ നേടിയെങ്കിലും മറ്റ്​ രണ്ടിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടമായി. കോൺഗ്രസ്​ നരസിംഹരാജയിൽ ജയിച്ചെങ്കിലും ബി.ജെ.പിക്ക്​ 44,141 വോട്ടുകൾ കിട്ടി. നിലവിൽ മംഗളൂരു മുനിസിപ്പൽ കോർപറേഷനിൽ രണ്ട്​, ശിവ്​മൊഗ്ഗ, ബംഗളൂരു മുനിസിപ്പൽ കോർപറേഷനുകളിൽ ഒന്നുവീതം സീറ്റുകൾ എസ്​.ഡി.പി.ഐക്കുണ്ട്​.

ചിലർ മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ സലീം അഹ്​മദ്​ പറഞ്ഞു. അതേസമയം, ആരോപണം തെറ്റാണെന്നും 2018ൽ മൂന്നിടങ്ങിൽ മാത്രമേ തങ്ങൾ മത്സരിച്ചുള്ളുവെന്നും എ.ഐ.എം.ഐ.എം മത്സരിച്ചിട്ടേയില്ലെന്നും എന്നിട്ടും കോൺഗ്രസിന്​ ഭൂരിപക്ഷം നേടാനായി​ല്ലെന്നും എസ്​.ഡി.പി.ഐ ജനറൽ സെക്രട്ടറി പറഞ്ഞു.

തന്‍റെ പാർട്ടി മത്സരിച്ചിട്ടില്ലാത്ത 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ ഒരു സീറ്റ്​ മാത്രമേ ലഭിച്ചുള്ളൂവെന്ന് അസദുദ്ദീൻ ഉവൈസിയും പറഞ്ഞു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 50ഓളം സീറ്റുകളിൽ കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റേയും സ്ഥാനാർഥികൾ തോറ്റത്​ അയ്യായിരത്തിൽതാഴെ വോട്ടുകൾക്കാണ്​. ചില മണ്ഡലങ്ങളിൽ എസ്​.ഡി.പി.ഐയുടെ പട്ടിക വന്നശേഷം സ്ഥാനാർഥികളെ തീരുമാനിക്കാനാണ്​ കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റെയും തീരുമാനം.

Tags:    
News Summary - Concerned that SDPI and Uwaisi will divide the Muslim vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.