കർഷക സംഘടനകൾ മൈസൂരു ഡെപ്യൂട്ടി കമീഷണറുടെ
ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുന്നു
ബംഗളൂരു: കർഷകരുടെ നഷ്ടപരിഹാര തുക പരിഷ്കരിക്കണമെന്ന ആവശ്യവുമായി സംസ്ഥാന കർഷക സംഘടന ഫെഡറേഷൻ പ്രതിനിധികൾ, സംസ്ഥാന കരിമ്പ് കർഷക സംഘടന പ്രതിനിധികൾ എന്നിവർ സംയുക്തമായി മൈസൂരു ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്) പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കമീഷണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
എം.എൽ.എ, എം.പി, മന്ത്രിമാർ എന്നിവർ അവരുടെ ശമ്പളം വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് കുറുബുരു ശാന്തകുമാർ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും വർഷം തോറും വരുമാനം വർധിപ്പിക്കുന്നുവെങ്കിലും എട്ടു വർഷത്തിനുശേഷവും കർഷകരുടെ വിള നാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ചിട്ടില്ല. മഴ, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം എന്നിവ മൂലമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള എൻ.ഡി.ആർ.എഫ്. മാനദണ്ഡം ഭേദഗതി ചെയ്യണം.
മഴമൂലമുണ്ടാകുന്ന വിളനാശത്തിന് ഏക്കറിന് കുറഞ്ഞത് 25,000 രൂപയായും ജലസേചനത്തിലൂടെ കൃഷിചെയ്യുന്ന തോട്ടവിളകൾക്ക് ഏക്കറിന് 40,000 രൂപയായും വാണിജ്യവിളകൾക്ക് ഏക്കറിന് 60,000 രൂപയായും വർധിപ്പിക്കണം. ഇക്കഴിഞ്ഞ മഴയിൽ വിളനാശം നേരിട്ട കല്യാണ കർണാടക, നോർത്ത് കർണാടക പ്രദേശങ്ങളിലെ കർഷകർക്ക് 5,000 കോടി രൂപ ദുരിതാശ്വാസമായി നൽകണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു. എം.പിമാർ, എം.എൽ.എമാർ എന്നിവർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തണമെന്ന് ഫെഡറേഷൻ അംഗങ്ങൾ പറഞ്ഞു.
ദുരന്തങ്ങൾ കണക്കിലെടുത്ത് വായ്പകൾ എഴുതിത്തള്ളണം. ഒരു ടൺ കരിമ്പ് കൃഷി ചെയ്യുന്നതിന് 3700 രൂപയാണ് ചെലവ്. രണ്ടുവർഷം മുമ്പ് സംസ്ഥാന സർക്കാർ കരിമ്പിന് ടണ്ണിന് 150 രൂപ എന്ന നിരക്കിൽ അധിക തുക നിശ്ചയിച്ചിരുന്നു. ഇത് സർക്കാർതന്നെ ഫാക്ടറികളിൽനിന്ന് കർഷകർക്ക് നൽകാൻ സംവിധാനമുണ്ടാക്കണം. തൂക്കത്തിലെ തട്ടിപ്പ് നിയന്ത്രിക്കാൻ സർക്കാർ പഞ്ചസാര ഫാക്ടറികളിൽ വെയിങ് മെഷീനുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.