കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക്; സംസ്ഥാനത്ത് 4056 ദ്വിഭാഷ സ്കൂളുകൾ

ബംഗളൂരു: 4056 സർക്കാർ സ്കൂളുകളിൽ പുതുതായി ആരംഭിച്ച എൽ.കെ.ജി, യു.കെ.ജി, പ്രീ പ്രൈമറി ക്ലാസുകളില്‍ ദ്വിഭാഷ രീതിയില്‍ പഠനം നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ സ്വകാര്യ സ്കൂളുകളില്‍ നിന്ന് രക്ഷിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നു. ഉയര്‍ന്ന ഫീസില്‍ നിന്നുള്ള മോചനമായാണ് രക്ഷിതാക്കള്‍ നടപടിയെ കാണുന്നത്.

ഔദ്യോഗിക ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയെങ്കിലും ഈ അധ്യയന വർഷത്തിനുള്ളിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയ നിർദേശം. സ്കൂൾ വികസന സമിതികളും അധ്യാപകരും പ്രാദേശിക തലത്തിൽ ദ്വിഭാഷ സ്കൂളുകളുടെ മേൽനോട്ടം വഹിക്കണം. 2018-2019 അധ്യയന വര്‍ഷം മുതല്‍ 2024-2025 വര്‍ഷം വരെ സർക്കാർ സ്കൂളുകളിൽ പ്രീപ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.

മികച്ച പ്രതികരണമാണ് രക്ഷിതാക്കളില്‍നിന്ന് ലഭിച്ചത്. കൂടാതെ, 90,195 കുട്ടികൾ പുതുതായി സ്കൂളില്‍ ചേർന്നു. തുടര്‍ന്ന് പ്രീപ്രൈമറി ക്ലാസുകൾ 5,000 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 4,056 സ്കൂളുകളിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിന് സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. സ്കൂളില്‍ ചേരുന്ന കുട്ടികൾക്ക് എൽ.കെ.ജി, യു.കെ.ജി പരിശീലന പുസ്തകങ്ങൾ ലഭിക്കും.

ക്ലാസുകൾ രാവിലെ 10 മുതൽ ഉച്ച 3.30 വരെയായിരിക്കും. 2025-26 അധ്യയന വർഷത്തിൽ ഓരോ സ്കൂളിലും ഒരു എൽ.കെ.ജി വിഭാഗം മാത്രമേ ആരംഭിക്കൂ. നാല് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. ഒരു ക്ലാസ് ആരംഭിക്കുന്നതിന് കുറഞ്ഞത് 20 കുട്ടികളെങ്കിലും വേണം. ഓരോ ക്ലാസിലും പരമാവധി 40 കുട്ടികളെ പ്രവേശിപ്പിക്കാം.

പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാനമന്ത്രി പോഷൻ പദ്ധതി പ്രകാരം ഉച്ചഭക്ഷണം, ക്ഷീര ഭാഗ്യ പദ്ധതി പ്രകാരം ചൂട് പാൽ, മുട്ട, വാഴപ്പഴം തുടങ്ങി പോഷകാഹാരം ലഭിക്കും. ഓരോ പ്രീപ്രൈമറി ക്ലാസിലും എസ്.ഡി.എം.സി താൽക്കാലികമായി നിയമിക്കുന്ന ഒരു അധ്യാപകനും ഒരു ആയയും ഉണ്ടാകും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പ് ഈ അധ്യാപകർക്ക് പരിശീലനം നൽകും.

Tags:    
News Summary - Children to go to government schools; 4056 bilingual schools in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.