മുഖ്യമന്ത്രി സിദ്ധരാമയ്യ ബസവ കൾച്ചറൽ കാമ്പയിൻ സമാപനച്ചടങ്ങിൽ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
ബംഗളൂരു: ‘നമ്മ മെട്രോ’ പദ്ധതി ‘ബസവ മെട്രോ’ എന്നാക്കാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ മാത്രം പദ്ധതി ആയിരുന്നെങ്കിൽ താൻതന്നെ പേരുമാറ്റം പ്രഖ്യാപിക്കുമായിരുന്നു.
കേന്ദ്രസഹായത്തോടെ നടപ്പാക്കിയതിനാലാണ് ശിപാർശ ചെയ്യുന്നത്. ബസവേശ്വരന്റെ ചിന്തകൾ പ്രചരിപ്പിക്കുന്നതിന് വചന യൂനിവേഴ്സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ബസവ കൾച്ചറൽ കാമ്പയിൻ’ സമാപനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ലിംഗായത്തിന് കേന്ദ്രവും അംഗീകാരം നൽകേണ്ടിവരും -ബസവലിംഗ പട്ടദേവരു
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമഫലമായി ലിംഗായത്ത് ധർമത്തിന് സംസ്ഥാനതലത്തിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ കേന്ദ്രവും താമസിയാതെ അംഗീകാരം നൽകേണ്ടിവരുമെന്ന് ലിംഗായത്ത് സന്യാസിമാരുടെ ഫെഡറേഷന്റെ പ്രസിഡന്റും ബാൽക്കി ഹിരേമഠം തലവനുമായ ബസവലിംഗ പട്ടദേവരു പറഞ്ഞു. ബസവ കൾചറൽ കാമ്പയിൻ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹനുമാന്റെ ഹൃദയത്തിൽ ശ്രീരാമൻ വസിക്കുന്നതുപോലെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹൃദയത്തിൽ ബസവണ്ണ വസിക്കുന്നു. തന്റെ ഭരണകാലത്ത്, ബസവ തത്ത്വചിന്തയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പരിപാടികൾ മുഖ്യമന്ത്രി സംഘടിപ്പിച്ചിട്ടുണ്ട്. ബസവകല്യാണിൽ വചന സർവകലാശാല സ്ഥാപിക്കുക എന്നതാണ് അവശേഷിക്കുന്ന പ്രധാന കടമ. പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും മഠാധിപതി പറഞ്ഞു.
ലിംഗായത്ത് സമുദായത്തിലെ പ്രധാന നേതാക്കളിലൊരാളായ മന്ത്രി എം.ബി. പാട്ടീലും സിദ്ധരാമയ്യയെ പ്രശംസിച്ചു. മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ, ശരൺ പ്രകാശ് പാട്ടീൽ, ലക്ഷ്മി ഹെബ്ബാൾക്കർ, നേതാക്കളായ ബി.ആർ. പാട്ടീൽ, നസീർ അഹമ്മദ്, അശോക് ഖേനി, എഴുത്തുകാരൻ ഗോ.റു. ചന്നബസപ്പ, ഗ്ലോബൽ ലിംഗായത്ത് ഫെഡറേഷൻ പ്രതിനിധി ശിവാനന്ദ് ജമാദാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.