ബംഗളൂരു: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ബി.ജെ.പി നേതാവ് എൽ.ആർ. ശിവരാമ ഗൗഡക്കെതിരെ സി.ബി.ഐയുടെ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തു. മണ്ഡ്യ മുൻ എം.പിയാണ് ശിവരാമ ഗൗഡ. 12.48 കോടി തട്ടിയെടുത്തതായ പഞ്ചാബ് നാഷനൽ ബാങ്കിന്റെ എം.ജി റോഡ് ശാഖ അസി. ജനറൽ മാനേജറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശിവരാമ ഗൗഡയെ കൂടാതെ ഭാര്യ സുധ, മകൻ ചേതൻ ഗൗഡ, മരുമകൾ ഭവ്യ ഗൗഡ എന്നിവരടക്കം എട്ടുപേർക്കെതിരെയാണ് അഴിമതി വിരുദ്ധ നിയമപ്രകാരം കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വഞ്ചന ലക്ഷ്യംവെച്ച് വ്യാജരേഖ നിർമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.
ശിവരാമ ഗൗഡയും കൂട്ടുപ്രതികളും ബാങ്കിൽനിന്ന് വിവിധ വായ്പകൾ സമാഹരിക്കുകയും അവ മറ്റുപയോഗങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതായി ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. കേസിലെ മൂന്നാം പ്രതിയുടെ നേതൃത്വത്തിൽ റോയൽ കോൺകോർഡ് എജുക്കേഷനൽ ട്രസ്റ്റ് രൂപവത്കരിച്ചു. ശിവരാമ ഗൗഡ ട്രസ്റ്റ് ചെയർമാനാണ്. കേസിൽ പ്രാഥമികാന്വേഷണം ആരംഭിച്ച സി.ബി.ഐ വൈകാതെ ശിവരാമഗൗഡ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തേക്കും.
ജെ.ഡി-എസ് നേതാവായിരുന്ന ശിവരാമ ഗൗഡ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിൽ ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ജെ.ഡി-എസ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. മണ്ഡ്യയിലെ നാഗമംഗല നിയമസഭ സീറ്റിൽ ശിവരാമ ഗൗഡയുടെ ഭാര്യ സുധ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.