ബംഗളൂരു: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി കന്നുകാലി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദളിന്റെ കർണാടക ഘടകം പ്രാദേശിക പൊലീസ് സ്റ്റേഷൻ മേധാവികൾക്ക് നിവേദനം നൽകും.
2020ലെ കർണാടക കശാപ്പ് നിരോധന, കന്നുകാലി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ബജ്റംഗ്ദൾ ഉദ്ധരിച്ച് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകി. മതപരമായ ചടങ്ങുകൾക്ക് പോലും പശുക്കളെയും അവയുടെ സന്തതികളെയും കൊല്ലുന്നത് നിയമം നിരോധിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് കന്നുകാലികളെ കശാപ്പിനായി നിയമവിരുദ്ധമായി കൊണ്ടുപോകാനുള്ള സാധ്യത കൂടുതലാണ്. പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. പട്രോളിങ് ശക്തമാക്കാനും നിയമവിരുദ്ധമായി കന്നുകാലികളെ കൊണ്ടുപോകുന്നത് തടയാൻ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും ബജ്റംഗ്ദൾ നിർദേശിച്ചു.
തെരുവുകളിൽ സ്വതന്ത്രമായി വിഹരിക്കുന്നതോ മേൽനോട്ടമില്ലാതെ വിടുന്നതോ ആയ കന്നുകാലികളെ മുൻകരുതൽ നടപടിയായി ഏറ്റെടുക്കുകയും ബലിപെരുന്നാൾ ആഘോഷങ്ങൾ കഴിയുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് ബജ്റംഗ്ദൾ പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിൽ പൊലീസിന് പൂർണ സഹകരണം നൽകുമെന്ന് ബജ്റംഗ്ദൾ ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.