ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: ജാതി സെൻസസ് അടുത്ത മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കുമെന്ന് സൂചന നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ വർഷമാണ് റിപ്പോർട്ട് ലഭിച്ചതെന്നും റിപ്പോർട്ട് മന്ത്രിസഭക്ക് മുന്നിൽ വെക്കണമെന്നും മന്ത്രിസഭയുടെ തീരുമാനപ്രകാരം തുടർനടപടി കൈക്കൊള്ളുമെന്നും സിദ്ധരാമയ്യ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജാതി സെൻസസിനെതിരെ എതിർപ്പുയർന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ജാതി സെൻസസിനും സംവരണത്തിനും പിന്തുണയോ എതിർപ്പോ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
2024 ഫെബ്രുവരി 29നാണ് പിന്നാക്ക വിഭാഗ കമീഷൻ ചെയർപേഴ്സൺ കെ. ജയപ്രകാശ് ഹെഗ്ഡെ ജാതി സെൻസസ് എന്ന പേരിലറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. അതേസമയം, ജാതി സെൻസസ് നടപ്പാക്കുന്നതിനെതിരെ വൊക്കലിഗ സന്യാസിമാരും സമുദായത്തിലെ ചില രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൊക്കലിഗ സംഘം നടത്താനിരുന്ന യോഗം മാറ്റിവെക്കാൻ വൊക്കലിഗ സംഘ ഭാരവാഹികളോട് ആവശ്യപ്പെട്ടതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
വൊക്കലിഗ സംഘത്തിലെ അഭിപ്രായതർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി. വൊക്കലിഗ നേതാവുകൂടിയാണ് ശിവകുമാർ. ജാതി സെൻസസ് സംബന്ധിച്ച യോഗം ചേരുന്നതിൽ സംഘത്തിലുയർന്ന അഭിപ്രായ ഭിന്നത ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിന്റെ മുന്നറിയിപ്പ്. വൊക്കലിഗ സന്യാസിമാരെ കൂടാതെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ 35 മെംബർമാരും വൊക്കലിഗ നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്ന് വൊക്കലിഗ സംഘ പ്രസിഡന്റ് ബി. കെഞ്ചപ്പ ഗൗഡ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
‘ജാതി സെൻസസ് സംബന്ധിച്ച് സംഘ ഭാരവാഹികൾ ഒരു യോഗം നടത്താൻ തീരുമാനിച്ചിരുന്നു. പുതിയ ഭാരവാഹികളുടെ ഒരു സംഘം തന്നെ കാണാൻ വന്നിരുന്നു. അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ യോഗം മാറ്റിവെക്കാൻ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്.
വിഷയം പരിഹരിച്ചതായും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അവർ സമ്മതിച്ചതായും ചുണ്ടിക്കാട്ടിയ ശിവകുമാർ, തർക്കം തുടർന്നാൽ സംഘത്തിൽ ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.