ബംഗളൂരു: മൈസൂരു താലൂക്കിലെ യെൽവാൾ ഹോബ്ലിയിലെ ബൊമ്മനഹള്ളിക്ക് സമീപം 2000 ഏക്കറില്‍ ടൗൺഷിപ് പദ്ധതിക്കുള്ള നടപടികൾ മൈസൂരു വികസന അതോറിറ്റി (എം.ഡി.എ) ആരംഭിച്ചു. ഡിസംബർ 30ന് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിൽ കർണാടക നഗര വികസന അതോറിറ്റി നിയമം, 2015 ഫെബ്രുവരി 11ലെ സർക്കാർ വിജ്ഞാപനം, 2024ലെ എം.ഡി.എ നിയമത്തിലെ സെക്ഷൻ 40, 41 എന്നിവ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.ഡി.എ കമീഷണർ കെ.ആർ. രക്ഷിത് പറഞ്ഞു. 50:50 അനുപാതത്തില്‍ കർഷക പങ്കാളിത്ത മാതൃക പിന്തുടരുന്നതാണ് പദ്ധതി. ഭൂമി വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് വികസനം നടന്ന പ്ലോട്ടുകളുടെ 50 ശതമാനം ലഭിക്കും. വിശാലമായ ടാർ ചെയ്ത റോഡുകൾ, ഡ്രെയിനേജ്, വൈദ്യുതി കണക്ഷനുകൾ, ഭൂഗർഭ മലിനജല സംവിധാനം, ജലവിതരണം, തെരുവുവിളക്കുകൾ, കമ്യൂണിറ്റി ഹാളുകൾ, ബസ് സ്റ്റാൻഡുകള്‍, ഷോപ്പിങ് മാളുകള്‍, പാർക്കുകള്‍ എന്നിവ ടൗൺഷിപ്പിൽ ഉണ്ടാകും. നാഗവാല, ബൊമ്മനഹള്ളി, കമരവല്ലി, ദൊഡ്ഡമരഗൗഡനഹള്ളി വില്ലേജുകളിലെ ഭൂവുടമകളോട് പദ്ധതിക്ക് സമ്മതം നൽകാൻ കമീഷണർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.