ബംഗളൂരു: ഓട്ടിസം ബാധിതയായ നാലുവയസ്സുകാരിയായ മകളെ പാര്‍പ്പിടസമുച്ചയത്തിന്റെ നാലാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ വനിത ദന്തഡോക്ടര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജിനെതിരെയാണ് (27) ബംഗളൂരൂവിലെ ഒമ്പതാം നമ്പര്‍ എ.സി.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയിരുന്നെന്നും കൃത്യംചെയ്യുമ്പോള് യുവതിക്ക് മറ്റ് മാനസിക പ്രശ്നങ്ങളില്ലായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. തന്റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന്റെ ദൃക്സാക്ഷിമൊഴിയും സി.സി ടി.വി ദൃശ്യങ്ങളുമുള്‍പ്പെടെ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. സുഷമക്ക് മാനസികപ്രശ്നങ്ങളില്ലെന്ന ബംഗളൂരു നിംസാന്സിന്റെ റിപ്പോര്‍ട്ടും 193 പേജുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കുറ്റപത്രം സമര്‍പ്പിച്ചതോടെ ഉടന്‍ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങും.
കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് സംപംഗി രാമനഗറിലെ പാര്പ്പിടസമുച്ചയത്തില്നിന്ന് മകള്‍ ധൃതിയെ സുഷമ ഭരദ്വാജ് തഴേക്കിട്ട് കൊലപ്പെടുത്തിയത്. ബ്രിട്ടനിലായിരുന്ന ഇവര്‍ കുട്ടിയുടെ ചികിത്സ ചെലവ് കൂടിയതോടെ മാസങ്ങള്‍ക്കുമുമ്പാണ് ബംഗളൂരുവിലേക്ക് മടങ്ങിയത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി. ഇതോടെയായിരുന്നു കൊലപ്പെടുത്താനുള്ള തീരുമാനം.
ആദ്യഘട്ടത്തില്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ബാലകൃഷ്ണയും ബന്ധുക്കളും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നെങ്കിലും ഇവരില്ലാത്ത സമയത്താണ് കുട്ടിയെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.