ബസവരാജ് ധരേപ്പ കെമ്പവാദ്
ബംഗളൂരു: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) നടത്തിയ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് കർഷകന്‍റെ മകന്. അത്താണി താലൂക്കിലെ സവാദി ഗ്രാമത്തിൽ നിന്നുള്ള ബസവരാജ് ധരേപ്പ കെമ്പവാദ് ആണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നിരന്തരമായ പരിശ്രമത്തിലൂടെ ബസവരാജ് തന്‍റെ രണ്ടാം ശ്രമത്തില്‍ മികച്ച വിജയം സ്വന്തമാക്കി.
കുട്ടിക്കാലം മുതൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ബസവരാജ് ഒന്ന് മുതൽ അഞ്ചു വരെ സവാഡി ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചു. പിന്നീട് 10-ാം ക്ലാസ് വരെ റായ്ബാഗ് താലൂക്കിലെ അലഗ്‌വാഡി ഗ്രാമത്തിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിൽ തുടർപഠനം. പിയു വിദ്യാഭ്യാസത്തിനായി ഉത്തര കന്നട ജില്ലയിലെ സിർസിയിൽ ഫോറസ്ട്രിയിൽ ബിഎസ്‌സി പഠിക്കുന്നതിന് മുമ്പ് അദ്ദേഹം ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡി താലൂക്കിലെ യല്ലട്ടി ഗ്രാമത്തിലേക്ക് മാറി.
പിന്നീട് ഐഎഫ്എസ് പരീക്ഷക്ക് തയ്യാറെടുക്കാൻ ബംഗളൂരുവിലേക്ക് മാറി. വനസംരക്ഷണത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും പരിശീലനം പൂർത്തിയാക്കി രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർഷക കുടുംബത്തിൽ നിന്നുള്ള ബസവരാജ് പറഞ്ഞു. സമൂഹത്തിന്റെ ക്ഷേമത്തിനും വനസംരക്ഷണത്തിനും വേണ്ടി തന്റെ അറിവ് ഉപയോഗിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രാഥമിക വിദ്യാലയം മുതൽ ബിരുദം വരെയുള്ള തന്റെ അക്കാദമിക് യാത്രയിലുടനീളം തന്നെ നയിച്ച മാതാപിതാക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ എന്നിവരുടെ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബസവരാജിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദനം അറിയിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ബസവരാജ് കെമ്പവാദിന് അഭിനന്ദനങ്ങള്‍.
കഠിനാധ്വാനവും പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നതിന്‍റെ തെളിവാണ് ബസവരാജിന്‍റെ നേട്ടം. ഓരോ കന്നഡിഗനും അഭിമാനകരവും പ്രചോദനകരവുമാണ് നേട്ടമെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.