ശിവരാജ്കുമാർ ഫാൻസ് കുമാർ ബങ്കാരപ്പയുടെ
വീട്ടിൽ ഇരച്ചുകയറിയപ്പോൾ
ബംഗളൂരു: മുൻമുഖ്യമന്ത്രി എസ്. ബങ്കാരപ്പയുടെ മക്കളുടെ രാഷ്ട്രീയ ചേരിപ്പോര് ശനിയാഴ്ച ബംഗളൂരു തെരുവിലെത്തി. ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ എസ്. ബങ്കാരപ്പയുടെ മകൾ കോൺഗ്രസ് സ്ഥാനാർഥി ഗീത ശിവരാജ്കുമാറിന്റെ പരാജയം പരാമർശിച്ച് അവരുടെ സഹോദരനും ബി.ജെ.പി നേതാവുമായ കുമാർ ബങ്കാരപ്പയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രകോപന കാരണം.
ഗീതയുടെ ഭർത്താവും കന്നട സൂപ്പർ സ്റ്റാറുമായ ഡോ. ശിവരാജ്കുമാർ ഫാൻസ് ശനിയാഴ്ച കുമാർ ബങ്കാരപ്പയുടെ വീട്ടിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പിതാവ് എസ്. ബങ്കാപ്പയുടെ പേര് ഗീത ശിവരാജ്കുമാർ ദുരുപയോഗം ചെയ്തെന്ന് ബി.ജെ.പി മുൻ എം.എൽ.എ കൂടിയായ കുമാർ ബംഗാരപ്പ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പയുടെ സഹോദരിയായ ഗീതയെ ശിവമൊഗ്ഗയിൽ ബി.ജെ.പി സ്ഥാനാർഥി ബി.വൈ. രാഘവേന്ദ്ര 2.43 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. അക്രമത്തെത്തുടർന്ന് കുമാർ ബംഗാരപ്പയുടെ ബംഗളൂരുവിലെ വീടിന്റെ പരിസരത്ത് കർണാടക സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.