ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
ബംഗളൂരു: നഗരത്തിലെ 10 പ്രധാന മെട്രോ സ്റ്റേഷനുകളിൽ അമുൽ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിന് ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) പ്രഖ്യാപിച്ചു. കർണാടകയുടെ സ്വന്തം നന്ദിനി പാലുള്ളപ്പോൾ ഈ നീക്കം നന്ദികേടാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
അതേസമയം ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ അമുലിന് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ അത്തരം സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കർണാടക മിൽക്ക് ഫെഡറേഷനോട് (കെ.എം.എഫ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കെ.എം.എഫിന്റെ സ്വന്തം പാലുൽപന്ന ബ്രാൻഡായ നന്ദിനിയെക്കാൾ സംസ്ഥാന സർക്കാർ അമുലിനെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് നിരവധി സംഘടനകൾ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ പ്രതികരണം. എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് ബി.എം.ആർ.സി.എല്ലിന് അപേക്ഷ സമർപ്പിക്കാൻ കെ.എം.എഫിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.എം.ആർ.സി.എൽ ഒരു ആഗോള ടെൻഡർ നൽകിയിരുന്നു, അതിൽ അമുൽ മാത്രമാണ് അപേക്ഷകൻ.
ഇപ്പോൾ കെ.എം.എഫിനോടും അപേക്ഷിക്കാൻ ഞങ്ങൾ നിർദേശിച്ചിട്ടുണ്ട്. എട്ട് മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്ലെറ്റുകൾ കെ.എം.എഫ് തുറക്കും. അമുൽ ഇതിനകം രണ്ട് സ്റ്റേഷനുകളിൽ ഔട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. നിലവിലുള്ളവ അടച്ചുപൂട്ടുന്നത് ഉചിതമല്ല. ശേഷിക്കുന്ന സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്ലെറ്റുകൾ അനുവദിക്കാൻ ഞങ്ങൾ ബി.എം.ആർ.സി.എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് -ഉപമുഖ്യമന്ത്രി പറഞ്ഞു.
പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ബെന്നിഗനഹള്ളി, ബൈയപ്പനഹള്ളി, ട്രിനിറ്റി, സർ.എം. വിശ്വേശ്വരയ്യ, മജസ്റ്റിക്, നാഷനൽ കോളജ്, ജയനഗർ, ബനശങ്കരി എന്നീ സ്റ്റേഷനുകളിൽ കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിനാണ് അമുലുമായി കരാർ ഒപ്പിട്ടത്. അമുൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനായി ബി.എം.ആർ.സി.എൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.
പാൽ കൂടാതെ ഉപോൽപന്നങ്ങളായ ചോക്ലറ്റുകൾ, ഐസ്ക്രീം, ഫാസ്റ്റ് ഫുഡ് ഇനങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയും വിൽക്കും. മെട്രോ സ്റ്റേഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് അവകാശപ്പെടുന്നത്. ബെന്നിഗനഹള്ളി, ബയപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിലവിൽ അമുൽ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
പട്ടണ്ടൂർ അഗ്രഹാര, ഇന്ദിരാനഗർ, ട്രിനിറ്റി സർക്കിൾ, സർ എം. വിശ്വേശ്വരയ്യ, ജയനഗര, മജസ്റ്റിക്, നാഷനൽ കോളജ്, ബനശങ്കരി സ്റ്റേഷനുകളിൽ അധിക ഔട്ട്ലെറ്റുകളാണ് നന്ദിനി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.ജി റോഡ്, മഹാലക്ഷ്മി, വിജയനഗർ സ്റ്റേഷനുകളിൽ നന്ദിനി മുമ്പ് ഔട്ട്ലെറ്റുകൾ തുറന്നിരുന്നുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇതിൽ വിജയനഗർ ഔട്ട്ലെറ്റ് മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഞങ്ങൾക്ക് നന്ദിനിയും അമുലും തുല്യരാണ്. വാടക നൽകുന്നവർക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകും -ഉദ്യോഗസ്ഥൻ പറഞ്ഞു.
കർണാടക സർക്കാർ നന്ദിനിയേക്കാൾ അമുലിന് പ്രാധാന്യം നൽകുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ ആരോപിച്ച് രംഗത്തു വന്നിരുന്നു. പത്തോളം മെട്രോ സ്റ്റേഷനുകളിൽ നന്ദിനിക്ക് പകരം സർക്കാർ അമുലിന് അനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു. പല നന്ദിനി ഉൽപന്നങ്ങൾക്കും അമൂലിനേക്കാൾ വില കുറവാണെങ്കിലും കമ്പനിയുടെ ബ്രാൻഡ് വാല്യു തങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു നന്ദിനിയുടെ വാദം.
അതേസമയം, പാലും തൈരും ഓൺലൈൻ ചാനലുകൾ വഴി മാത്രമേ വിൽക്കുകയുള്ളൂവെന്നും സംസ്ഥാന സർക്കാർ സബ്സിഡി കാരണം വളരെ വിലകുറഞ്ഞ നന്ദിനി പാലുമായി മത്സരമില്ലെന്നും അമുൽ സി.ഇ.ഒ ഉറപ്പ് നൽകിയിരുന്നുവെന്നും മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.