കര്‍ണാടകയില്‍ ഫിസിയോ തെറാപ്പി കോഴ്സുകളിലേക്ക് പ്രവേശനം നീറ്റ് മുഖേന

ബംഗളൂരു: കര്‍ണാടകയില്‍ ഫിസിയോ തെറാപ്പി കോഴ്സുകളിലേക്കുള്ള ​പ്രവേശനം നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ) മുഖേനയാക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. ബംഗളൂരുവിൽ നടന്ന കർണാടക ഫിസിയോതെറാപ്പി സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം വരെ പന്ത്രണ്ടാം തരം പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് കര്‍ണാടകയില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബി.‌പി.‌ടി) കോഴ്സുകളിലേക്കുള്ള പ്രവേശനം നടന്നത്. പ്രസവം മുതല്‍ വാര്‍ധക്യം വരെ ന്യൂറോ, ഓര്‍ത്തോ പെഡിക് റീഹാബിലിറ്റേഷന്‍, കാര്‍ഡിയോ പൾമണറി കെയര്‍, പീഡിയാട്രിക്സ്, ഡിസെബിലിറ്റി സപ്പോർട്ട്, സ്പോർട്സ് മെഡിസിൻ, ഫിറ്റ്നസ്, കമ്മ്യൂണിറ്റി അധിഷ്ഠിത പരിചരണം എന്നീ വിവിധ ഘട്ടത്തില്‍ ഫിസിയോ തെറാപ്പിസ്റ്റുകളുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴ്സ് കാലാവധി അഞ്ച് വര്‍ഷമാക്കുമെന്നും സര്‍ക്കാര്‍ കോളജുകളില്‍ കൂടുതല്‍ ഫിസിയോ തെറാപ്പി കോഴ്സുകള്‍ ആരംഭിക്കാൻ പദ്ധതിയിടുന്നതായും അദേഹം പറഞ്ഞു. ഫിസിയോ തെറാപ്പി കോഴ്സുകള്‍ക്ക് ഒരു രാജ്യം ഒരു പാഠ്യപദ്ധതി എന്ന രീതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് പ്രൊഫെഷണല്‍സ് ചെയര്‍ പേഴ്സണ്‍ ഡോ. യഗന്‍ ശുക്ല പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും പ്രാക്ടീഷണര്‍മാര്‍ക്കും ഇത് ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ഇസ്രായേൽ, ഓസ്‌ട്രേലിയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും 50 ദേശീയ വിദഗ്ധരും പങ്കെടുത്തു. പരിപാടിയില്‍ 800 ലധികം ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു.

Tags:    
News Summary - Admission to physiotherapy courses in Karnataka through NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.