മംഗളൂരു സ്റ്റേഷനിൽ അധിക റെയിൽവേ ട്രാക്കുകൾക്ക് നിർദേശം

മംഗളൂരു: സെൻട്രൽ സ്റ്റേഷനിൽ അധിക റെയിൽവേ ട്രാക്കുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ (ഡി.ആർ.ജി.എം) ആർ.എൻ. സിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള പ്രധാന സ്റ്റേഷനുകളുടെ നവീകരണ, അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു.

കോഴിക്കോടും മംഗളൂരു സെൻട്രലും ലോകോത്തര സ്റ്റേഷനുകളായി നവീകരിക്കും. കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ എന്നിവിടങ്ങളിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ വികസനം നടക്കുന്നു. കോഴിക്കോട് 472.96 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട് മുതൽ മംഗളൂരു ജങ്ഷൻ വരെ പരിശോധന നടത്തി ട്രാക്ക് അവസ്ഥ, പാലങ്ങൾ, സിഗ്നലിങ് സംവിധാനങ്ങൾ, യാത്ര സൗകര്യങ്ങൾ എന്നിവ വിലയിരുത്തി.

വടകരയിൽ രണ്ടാമത്തെ പ്രവേശന കവാടത്തിന് സമീപം പുതിയ പാർക്കിങ് സൗകര്യം ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ നിർദേശിച്ചു. 35.63 കോടി രൂപ ചെലവിൽ പുനർവികസന പ്രവർത്തനങ്ങൾ നടക്കുന്ന കണ്ണൂർ സ്റ്റേഷനിലെ സർക്കുലേഷൻ ഏരിയ ഡിസൈനിൽ മാറ്റങ്ങൾ വരുത്താൻ ശിപാർശ ചെയ്തു. കാസർകോട് സ്റ്റേഷനിലെ 32.69 കോടി രൂപയുടെ പുനർവികസന പ്രവർത്തനങ്ങളുടെ 75 ശതമാനവും മംഗളൂരു ജങ്ഷനിലെ 19.62 കോടി രൂപയുടെ പദ്ധതിയുടെ 97 ശതമാനവും പൂർത്തീകരണ ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥർ സിങ്ങിനെ അറിയിച്ചു. പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട്, അഡീഷനൽ ഡി.ആർ.എം എസ്. ജയകൃഷ്ണൻ, മറ്റു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Tags:    
News Summary - Additional railway tracks proposed at Mangaluru station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.