രന്യ റാവു
ബംഗളൂരു: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി കന്നട നടി രന്യ റാവുവിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് കർണാടക ഹൈകോടതി അടുത്തയാഴ്ചത്തേക്ക് നീട്ടി. നടിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഡി.ആർ.ഐ ശക്തമായി വാദിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ രന്യ റാവുവടക്കം മൂന്നു പ്രതികൾക്കെതിരെയും വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (കോഫെപോസ) പ്രകാരവും കേസെടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) ശിപാർശയെത്തുടർന്ന് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സി.ഇ.ഐ.ബി) നടിക്കും തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കുമെതിരെ കോഫെപോസ നിയമം ചുമത്തിയത്. കോഫെപോസ ചുമത്തുന്നതിലൂടെ രന്യ റാവുവിന് ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല. രന്യറാവുവും മറ്റു പ്രതികളും തുടർച്ചയായി വിവിധ കോടതികൾ വഴി ജാമ്യത്തിന് ശ്രമിച്ചതിനെ തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഈ നീക്കം.
12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ കഴിഞ്ഞ മാസം മൂന്നിനാണ് രന്യ റാവു അറസ്റ്റിലായത്. സ്വർണക്കടത്തുകേസിൽ ഡി.ആർ.ഐക്ക് പുറമെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഏജൻസികളും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. നടി രന്യ റാവുവിന് ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.