ബംഗളൂരു: ഹിന്ദു മതത്തിൽപെട്ടവരെന്ന് സ്വയം വിശേഷിപ്പിക്കരുതെന്ന് കർണാടകയിലെ വീരശൈവ ലിംഗായത്ത് നേതൃത്വം അണികളോട് ആഹ്വാനംചെയ്തു. ദാവൻകരെയിൽ കഴിഞ്ഞദിവസം നടന്ന വീരശൈവ മഹാസഭ സമ്മേളനത്തിലാണ് ഇതടക്കം എട്ടു പ്രമേയങ്ങൾ പാസാക്കിയത്.
അടുത്ത ജനസംഖ്യാ കണക്കെടുപ്പിലോ ജാതി സെൻസസിലോ തങ്ങളുടെ മതം രേഖപ്പെടുത്തേണ്ടിടത്ത് വീരശൈവ ലിംഗായത്ത് അണികൾ ‘ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിക്കരുതെന്നാണ് സമുദായ നേതൃത്വത്തിന്റെ നിർദേശം. ഹിന്ദു എന്നതിനു പകരം വീരശൈവ എന്നോ ലിംഗായത്ത് എന്നോ ചേർക്കണം. ഉപജാതി കോളത്തിൽ ഒന്നും ചേർക്കേണ്ടതില്ല. ഇതാണ് വീരശൈവ സമുദായത്തിന് നല്ലതെന്നും അതുവഴി വീരശൈവരുടെ ശക്തി തെളിയിക്കാനാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കർണാടകയിൽ പുതിയ ജാതി സെൻസസ് നടത്തണമെന്നതാണ് മറ്റൊരു പ്രധാന പ്രമേയം. കന്തരാജ് പാനൽ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് സർക്കാർ അംഗീകരിക്കരുത്. അതിലെ വിവരങ്ങൾ എട്ടു വർഷം പഴക്കമുള്ളതാണെന്നും റിപ്പോർട്ട് ചോർന്നിരുന്നതായും സമ്മേളനം ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രിയും മുതിർന്ന ലിംഗായത്ത് നേതാവും ബി.ജെ.പി പാർലമെന്ററി ബോർഡ് കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളിലെ പാരമ്പര്യവാദികളാണ് വീരശൈവ ലിംഗായത്തുകൾ.
മുതിർന്ന കോൺഗ്രസ് എം.എൽ.എ ഷാമന്നൂർ ശിവശങ്കരപ്പയാണ് വീരശൈവ ലിംഗായത്ത് അഖിലേന്ത്യ അധ്യക്ഷൻ. മന്ത്രി ഈശവർ ഖണ്ഡ്രെ, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.