സർവേ പൂർത്തിയായ വീടുകളിൽ പതിക്കുന്ന രേഖ
ബംഗളൂരു: വിവാദങ്ങളും ബി.ജെ.പി ഉയർത്തിയ പ്രതിഷേധങ്ങളും അതിജീവിച്ച് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നടത്തിയ സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ (ജാതി സെൻസസ്) ഉൾപ്പെട്ടത് 6.13 കോടി ജനങ്ങൾ.
കണക്കെടുപ്പ് ഒക്ടോബർ 31ന് പൂർത്തിയാക്കി. സംസ്ഥാനത്തെ ഏകദേശം 6.85 കോടി ജനസംഖ്യയിൽ, ശേഷിക്കുന്നവർക്ക് ഓൺലൈൻ വഴി നവംബർ 10 വരെ അവസരമുണ്ട്. ഓൺലൈൻ എൻട്രികൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ അന്തിമ കണക്ക് 6.20 കോടിയിലെത്തുമെന്ന് കമീഷൻ ചെയർമാൻ മധുസൂദനൻ നായിക് പറഞ്ഞു. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) മേഖലയിലെ പങ്കാളിത്തം കുറവായതിനാൽ സർവേ രണ്ടുതവണ നീട്ടേണ്ടിവന്നു. നിരവധി താമസക്കാർ പങ്കെടുക്കാൻ വിസമ്മതിച്ചു.
സ്വന്തം ജില്ലകളിൽ വിവരങ്ങൾ പങ്കിട്ടിരുന്നു എന്നാണ് കാരണം പറഞ്ഞത്. ഡിസംബറോടെ ഡേറ്റ വിശകലനം ചെയ്ത് ശിപാർശകൾ സമർപ്പിക്കാൻ കമീഷന് നിർദേശം നൽകിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കി പിന്നാക്കം, കൂടുതൽ പിന്നാക്കം, ഏറ്റവും പിന്നാക്കം എന്നീ വിഭാഗങ്ങളിൽ സമുദായങ്ങളെ പുനർവർഗീകരിക്കാൻ കമീഷന് അധികാരമുണ്ട്.
2015ൽ മാറ്റിവെച്ച ജാതി സർവേയുടെ കൃത്യതയെക്കുറിച്ച് പ്രബല സമൂഹങ്ങളിൽനിന്ന് എതിർപ്പ് നേരിട്ടതിനെ തുടർന്നാണ് ഈ നടപടി. ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തിയ ഈ വർഷത്തെ സർവേ, ഡേറ്റയുടെ രഹസ്യ സ്വഭാവവും സ്വമേധയാ ഉള്ള പങ്കാളിത്തവും ഉറപ്പാക്കി. ചില മേഖലകളിൽ എന്യൂമറേറ്റർമാർക്ക് എതിർപ്പ് നേരിടേണ്ടിവന്നു.
നിരവധി പിന്നാക്ക, സൂക്ഷ്മ വിഭാഗങ്ങൾ സജീവമായി പങ്കെടുത്തെങ്കിലും ബ്രാഹ്മണ സമൂഹത്തിലെ ചില വിഭാഗങ്ങൾ വിമുഖത പ്രകടിപ്പിച്ചു. അതേസമയം വൊക്കലിഗ, വീരശൈവ-ലിംഗായത്തുകൾക്കിടയിലെ പ്രധാന ജാതി സംഘടനകൾ സമഗ്ര പ്രാതിനിധ്യം ലക്ഷ്യമിട്ട് അവരുടെ അംഗങ്ങളെ പങ്കെടുപ്പിച്ചു. കർണാടകയുടെ ഭാവി സാമൂഹിക, വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ കമീഷന്റെ കണ്ടെത്തലുകൾ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.