ബംഗളൂരു: ഡ്യൂട്ടിക്കിടയിൽ ജീവൻ പൊലിഞ്ഞ വനം ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക 50 ലക്ഷമാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ബംഗളൂരു മല്ലേശ്വരം ആരണ്യഭവനിൽ വനംവകുപ്പ് സംഘടിപ്പിച്ച ദേശീയ വന രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ നഷ്ടപരിഹാരത്തുക 30 ലക്ഷമാണ്. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെയാണ് വനരക്തസാക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുക 20 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കി ഉയർത്തിയതെന്നും ബൊമ്മൈ സൂചിപ്പിച്ചു. കർണാടകയിൽ വനസംരക്ഷണ പ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ട ജീവനക്കാരെ അനുസ്മരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വനത്തെ സംരക്ഷിക്കുന്ന നിങ്ങളെ സർക്കാർ സംരക്ഷിക്കും. സംസ്ഥാനത്തെ വനമേഖല 21 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്ത് നാല് ലക്ഷം ഹെക്ടർ തരിശുഭൂമിയുണ്ടെന്നും ഇവ ചെടികൾ നട്ടുപിടിപ്പിച്ച് വനമാക്കി മാറ്റും. വനവത്കരണത്തിനായി 100 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.