പ്രതീകാത്മക ചിത്രം

ഇലക്ട്രോണിക് മേഖലയിൽ 15,000 കോടി ഡോളർ നിക്ഷേപ രേഖ

ബംഗളൂരു: സംസ്ഥാനത്ത് മൊബൈൽ, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമാണവും രൂപകൽപനയും പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിൽ 15,000 കോടി ഡോളറിന്റെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ദർശന രേഖ തയാറാക്കാൻ വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ) ചെയർമാൻ പങ്കജ് മൊഹീന്ദ്രൂവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘവുമായി പാട്ടീൽ ചർച്ച നടത്തി.

കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. സമാന്തര പദ്ധതി അവതരിപ്പിക്കുന്നതിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിച്ചുവരുകയാണ്. ഈ നിർദേശം ഇപ്പോഴും കരട് ഘട്ടത്തിലാണ്, ഐ.സി.ഇ.എയിൽനിന്നുള്ള നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യുന്നു. മൊബൈൽ ഫോൺ ഘടകങ്ങളിൽ മാത്രമല്ല, വ്യവസായിക, തന്ത്രപരമായ ഇലക്ട്രോണിക്സിലും കർണാടകക്ക് ഗണ്യമായ സാധ്യതകളുണ്ട്. മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കുന്ന സമാന നയങ്ങൾക്കൊപ്പം കേന്ദ്ര സർക്കാറിന്റെ പദ്ധതിയും പഠിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഡിസ് പ്ലേകൾ, കാമറ മൊഡ്യൂളുകൾ, ബെയർ ഘടകങ്ങൾ, അവശ്യ നിർമാണ ഉപകരണങ്ങൾ തുടങ്ങിയ ഉപ-അസംബ്ലികൾക്ക് കേന്ദ്ര പദ്ധതി മുൻഗണന നൽകുന്നുവെന്ന് പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. പ്രകടനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളും 25 ശതമാനം വരെ മൂലധന സബ്‌സിഡിയും പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്കായി കേന്ദ്രം 22,900 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ വർഷം നവംബർ വരെ കേന്ദ്ര സർക്കാർ 7172 കോടി രൂപയുടെ 17 നിക്ഷേപ നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾ 11,800 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 65,000 കോടിയിലധികം മൂല്യമുള്ള ഉൽപന്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാർ, വ്യവസായ കമീഷണർ ഗുഞ്ചൻ കൃഷ്ണ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - $150 billion investment document in electronics sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.