ബംഗളൂരു: മൈസൂരു ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത റെയ്ഡിൽ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ 12 വ്യാജ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. മൈസൂരിലെ ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് നടപടി. ക്ലിനിക്കുകൾ നടത്തിയിരുന്ന വ്യാജ ഡോക്ടർമാരെയും പിടികൂടി.
കർണാടക പ്രൈവറ്റ് മെഡിക്കൽ (കെ.പി.എം.ഇ) ആക്ടിന് കീഴില്‍ 1480 ആശുപത്രികളും ക്ലിനിക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 28 എണ്ണം രജിസ്ട്രേഷന് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 12 എണ്ണം സീൽ ചെയ്തുവെന്നും ജില്ല കുടുംബക്ഷേമ ഓഫിസർ ഡോ. എസ്. ഗോപിനാഥ് പറഞ്ഞു.
ടി. നരസിപുരയിലെ ആശുപത്രിയും എച്ച്.ഡി കോട്ടയിലെ ആശുപത്രിയും അടച്ചുപൂട്ടലിനെതിരെ കോടതിയില്‍ ഹരജി സമർപ്പിച്ചു. ഈ രണ്ട് ആശുപത്രികളും ആയുര്‍വേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല ആരോഗ്യ വകുപ്പ് ആയുഷ് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എട്ട് ആശുപത്രികള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തി.
ജില്ലയിലുടനീളം അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി റെയ്ഡും പരിശോധനയും തുടരുമെന്ന് ഡോ. എസ്. ഗോപിനാഥ് കൂട്ടിച്ചേർത്തു.
വ്യാജ ഡോക്ടര്‍മാരും ക്ലിനിക്കുകള്‍ മുഖേന ലൈസന്‍സ് ലംഘിച്ച് ആയുര്‍വേദ മരുന്നുകളും അലോപ്പതി മരുന്നുകളും വില്ക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഡോക്ടര്‍മാര്‍ വർധിച്ചുവരുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.