കഴക്കൂട്ടം: കാര്യവട്ടം ഗവ. കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. നവംബർ 13ന് നടക്കുന്ന യൂന ിവേഴ്സിറ്റി പരീക്ഷയ്ക്ക് മുന്നേ മോഡൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതുവരെയും വിഷയങ്ങൾ പഠിപ്പിച്ചുപൂർത്തിയായില്ല. മോഡൽ പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ബാക്കി കൂടി പഠിപ്പിച്ച് തീർക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ തയാറായില്ല എന്നാണ് വിദ്യാർഥികൾ പറയുന്നത്. സമരം തുടങ്ങിയപ്പോൾതന്നെ പ്രിൻസിപ്പൽ അടിയന്തര പി.ടി.എ വിളിച്ച്കൂട്ടി കോളജിന് അവധി പ്രഖ്യാപിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർഥികൾ പ്രിൻസിപ്പലിൻെറ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. രാവിലെ 11ന് നടന്ന പ്രതിഷേധം വൈകീട്ട് 3.30 ഓടെയാണ് അവസാനിപ്പിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഏഴ് വിദ്യാർഥികളെ 12 അധ്യയനദിവസത്തേക്ക് സസ്പൻഡ് ചെയ്തതായി പ്രിൻസിപ്പൽ അജിതകുമാരി അറിയിച്ചു. എന്നാൽ, ചില വിഷയത്തിലെ കുറച്ച് ഭാഗം മാത്രമാണ് പഠിപ്പിച്ച് തീർക്കാൻ ബാക്കിയുള്ളതെന്നും നവംബർ അഞ്ചിനകം തീർക്കുമെന്നും വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിരുന്നുവെന്നാണ് അധികൃതഭാഷ്യം. കോളജിൽ പ്രശ്നം സൃഷ്ടിക്കുന്ന ഏതാനും ചില വിദ്യാർഥികളെ കൂട്ടുപിടിച്ചാണ് ബഹളം ഉണ്ടാക്കിയതെന്നും പ്രിൻസിപ്പൽ അജിതകുമാരി പറഞ്ഞു. മോഡൽപരീക്ഷ നടക്കുന്ന ക്ലാസിൽ കയറി അധ്യാപകരിൽ നിന്ന് ബലമായി ചോദ്യക്കടലാസ് പിടിച്ച് വാങ്ങി. ഇത് ചോദ്യം ചെയ്ത അധ്യാപകരെ വിദ്യാർഥികൾ അസഭ്യം പറഞ്ഞുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.