മേയർ തെരഞ്ഞെടുപ്പ്: യു.ഡി.എഫിൻെറയും ബി.ജെ.പിയുടെയും നീക്കങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി തിരുവനന്തപുരം: എൽ.ഡി. എഫിൻെറ മേയർ സ്ഥാനാർഥിക്കെതിരെ പൊതുസ്വതന്ത്രനെ നിർത്താനുള്ള യു.ഡി.എഫിൻെറയും ബി.ജെ.പിയുടെയും നീക്കങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി. ശ്രീകാര്യത്തുനിന്നും സ്വതന്ത്രയായി വിജയിച്ച എൻ.എസ്. ലതകുമാരിയെ കളത്തിലിറക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ സി.പി.എമ്മിനെ പിണക്കാനില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇതോടെ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇരുപക്ഷവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തിയാണ് എ.കെ.ജി ക്ലബിൻെറ ബാനറിൽ മത്സരിച്ച ലതകുമാരി കൗൺസിലിൽ എത്തിയത്. 100ൽ 43 സീറ്റുകളിൽ അന്ന് എൽ.ഡി.എഫ് വിജയിച്ചപ്പോൾ അപ്രതീക്ഷിത മുന്നേറ്റവുമായി 35 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. യു.ഡി.എഫ് 21 സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാൽ, കഴിഞ്ഞ നാലുവർഷവും കൗൺസിലിൽ എൽ.ഡി.എഫിെനാപ്പമാണ് ലതകുമാരി നിലയുറപ്പിച്ചത്. പുതിയ സാഹചര്യത്തിൽ ലതകുമാരിക്ക് മേൽ യു.ഡി.എഫ്-ബി.ജെ.പി നേതാക്കൾ സമ്മർദം ചെലുത്തിയെങ്കിലും എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കാനാണ് ലതകുമാരിയുടെ തീരുമാനം. ഇതോടെ മറ്റ് പേരുകൾ ഇരുവിഭാഗവും പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി പിന്തുണയോടുകൂടി മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് കൗൺസിലർമാർ ആരും മത്സരിക്കേണ്ടതില്ലെന്നാണ് ഡി.സി.സി തീരുമാനം. ഇത്തരമൊരു നീക്കം ആത്മഹത്യാപരമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കിടയാക്കുമെന്നും യു.ഡി.എഫ് നേതൃത്വം ഭയപ്പെടുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ തയാറുള്ളവരെ പിന്തുണക്കും. അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ തീരുമാനം നഗരസഭയുടെ പുതിയ മേയർ സ്ഥാനത്തേക്ക് പാർട്ടിയിലും എൽ.ഡി.എഫിലും പുറത്തും നടക്കുന്ന അഭ്യൂഹങ്ങൾക്ക് തൽക്കാലം വിരാമമിടാൻ സി.പി.എം. പുതിയ മേയറെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻെറ വിജ്ഞാപനം പുറത്തുവരുന്നത് വരെ ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്ന് സി.പി.എം സംസ്ഥാന, ജില്ല നേതൃത്വം തീരുമാനിച്ചു. ജില്ല നേതൃത്വത്തിൽ ഏകദേശ ധാരണ നിലനിൽക്കുന്നുണ്ട്. ചെറിയ കക്ഷികളിലെ നേതാക്കൾ ഉൾപ്പെടെ സ്ഥാനമോഹവുമായി രംഗത്തിറങ്ങിയതിലും സി.പി.എം നേതൃത്വത്തിന് അമർഷമുണ്ട്. പ്രതിപക്ഷ നീക്കത്തിൻെറ ആക്കം കുറക്കുക എന്ന തന്ത്രവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.